- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ, രാവണന്റെ നാടിന്റെ നരക ജീവിതം കാണൂ; ഒന്നാന്തരം ഒരു പ്രമേയത്തെ എടുത്തത് അമേച്വറായി; എങ്കിലും പ്രമേയ തീക്ഷ്ണത മൂലം പാരഡൈസ് കാണേണ്ട ചിത്രം
മലയാളത്തിലെ മാത്രമല്ല, ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി നല്ലൊരു പ്രമേയത്തിന്റെതാണ്. ഒരു നല്ല പ്ളോട്ട് കിട്ടിയാല്‍ അത് അവതരിപ്പിച്ച് ഗംഭീരമാക്കാവുന്ന രീതിയില്‍, സാങ്കേതികവിദ്യ സുതാര്യമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അടത്തകാലത്ത് മലയാള സിനിമയില്‍ അടക്കം നാം കാണുന്നതാണ്, ഈ പ്രമേയ പ്രതിസന്ധി. ചര്‍വിത ചര്‍വണം ചെയ്ത, അല്ലെങ്കില്‍ നൂറ്റിയൊന്ന് അവര്‍ത്തിച്ച ക്ഷീരബലയാണ് പലപ്പോഴും നമ്മുടെ ചലച്ചിത്ര കഥാലോകം. അവിടെ അതിഗംഭീരമായ ഒരു പ്രമേയം കിട്ടിയിട്ടും എടുത്തു കുളമാക്കിയ ഒരു സിനിമ കാണുമ്പോള്‍ ശരിക്കും സങ്കടം വരും. അതാണ് പ്രസന്ന വിത്തനാഗെ എന്ന ശ്രീലങ്കന്‍ സംവിധായകന് നമ്മുടെ റോഷന് മാത്യുവിനെയും ദര്‍ശനെയും ലീഡ് റോളില്‍ അവതരിപ്പിച്ചുകൊണ്ട് എടുത്ത പാരഡൈസ് എന്ന ചിത്രം കണ്ടപ്പോള്‍ തോന്നിയത്.
എങ്ങനെ ഗംഭീരമായി എടുക്കാവുന്ന ചിത്രമായിരുന്നു ഇത്. പക്ഷേ തീര്‍ത്തും അമേച്വറായി, ഹാന്‍ഡിക്യാം ക്യാമറയിലോ, മൊബൈലിലോ, ഷൂട്ട് ചെയ്ത ഒരു ചിത്രം പോലെയാണ് ഇത് തോന്നുന്നത്. ഛായാഗ്രഹണം സാക്ഷാല്‍ രാജീവ് രവിയാണ്. ഇതുപോലെ ഒരു പ്രതിഭ ക്യാമറക്ക് പിന്നിലുണ്ടായിട്ടും അതിന്റെ യാതൊരു ക്വാളിറ്റിയും ചിത്രത്തിനില്ല. പ്രസന്ന വിത്തനാഗെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധേയനായ സംവിധായകനാണ്. ഈ ചിത്രത്തിനും ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ സോ കോള്‍ഡ് അവാര്‍ഡ് പടം എന്ന ഫോര്‍മാറ്റ് വിട്ട്, ഒന്ന് പ്രൊഫഷണലായി എടുക്കയാണെങ്കില്‍ അസാധാരണമായ ചലച്ചിത്ര അനുഭവമായി ഈ ചിത്രം മാറുമായിരുന്നു.
എന്നാലും പ്രമേയത്തിന്റെയും കഥയുടെയും ഗാംഭീര്യം വെച്ച് നിര്‍ബന്ധമായും കാണേണ്ട ചിത്രമാണിത്. അത്രക്ക് ഭീകരമാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള സംഭവികാസങ്ങളും. രാവണന്റെ മിത്തും, സമകാലീന യാഥാര്‍ത്ഥ്യങ്ങളും, മെയില്‍ ഷോവനിസവും, വംശീയതയും, ഭരണകൂട ഭീകരയുമൊക്കെ ഇത്ര കൃത്യമായി ചേര്‍ത്തുകൊണ്ടുള്ള ഒരു പ്രമേയം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
രാവണന്റെ നാടിന്റെ അവസ്ഥ
2022-ലെ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് അവിടേക്ക് തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ എത്തുന്ന കേശവ് ( റോഷന് മാത്യു), അമൃത (ദര്‍ശന രാജേന്ദ്രന്) എന്നീ പങ്കാളികളുടെ കഥയാണ് ചിത്രം പറയുന്നത്. അമൃതയുടെ പ്ലാനിങ് ആയിരുന്നു വിവാഹ വാര്‍ഷികം ശ്രീലങ്കയില്‍ ആഘോഷിക്കാം എന്നത്. ഇരുവരും പ്രദേശത്ത് എത്തുമ്പോള്‍ ശ്രീലങ്കന്‍ ജനത പ്രതിഷേധത്തിലാണ്. ഡീസലില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം പോലും നിലക്കുന്ന സമയം. പക്ഷേ ടൂറിസ്റ്റുകള്‍ എന്ന നിലയില്‍ ദമ്പതികള്‍ക്ക് ഒരു പ്രശ്നവും ശ്രീലങ്കന്‍ ജനത വരുത്തുന്നുമില്ല.
ശ്രീലങ്കന്‍ രൂപയുടെ വിലയിടഞ്ഞതിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് ചുരുങ്ങിയ ബജറ്റില്‍ ഊര് ചുറ്റാന്‍ കൂടിയാണ് ദമ്പതികള്‍ എത്തുന്നത്. യാത്രയിലുടനീളം ഗൈഡും ഡ്രൈവറുമായ ആന്‍ഡ്രൂ ( ശ്യാം ഫെര്‍ണാണ്ടോ) ശ്രീലങ്കയുടെ രാമായണവുമായി ബന്ധപ്പെട്ട മിത്തുകളെ കുറിച്ച് കേശവിനും അമൃതയ്ക്കും വിവരിച്ചുകൊടുക്കുന്നുണ്ട്. രാവണന് സീതയെ കൊണ്ടുവന്ന വഴികളും, രാവണന് ഉറങ്ങികിടക്കുന്ന ഗുഹയും എല്ലാം വിശദീകരിച്ച് നല്കുന്നു. രാവണന് എന്തുകൊണ്ടാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നുകൊണ്ട് ശ്രീലങ്കയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാത്തതെന്ന് അമൃത തമാശ രൂപേണ ആന്‍ഡ്രൂവിനോട് ചോദിക്കുന്നുണ്ട്.
നെറ്റ്ഫ്ലിക്സ് കേശവിന്റെ പുതിയ പ്രോജക്ട് ഏറ്റെടുത്തൂവെന്ന ശുഭ വാര്‍ത്തയും ഈ യാത്രയില്‍ അവര്‍ക്ക് കിട്ടുന്നുണ്ട്. ഇതിലൂടെ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും എല്ലാ പ്രശ്നങ്ങളും മാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നത് പോലെയൊന്നുമല്ല നടക്കുന്നത്. അന്ന് രാത്രി അവര്‍ തങ്ങളുടെ കൊട്ടേജില്‍ വെച്ച് കൊള്ളയടിക്കപ്പെടുന്നുണ്ട്. അവരുടെ ഫോണും ഐപാഡും, എല്ലാം നഷ്ടമാവുന്നു. ഇതില്‍ പരാതിപ്പെടാന്‍, പൊലീസ് സ്റ്റേഷനില്‍ എത്തുന്ന അവര്‍ക്ക് അപ്പോഴാണ് ശ്രീലങ്കയുടെ യാഥാര്‍ത്ഥ അവസ്ഥ മനസ്സിലാവുന്നത്. തുടര്‍ന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്കാണ് ചിത്രം പോവുന്നത്.