കൊച്ചി: 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് 25 വര്‍ഷങ്ങള്‍ക്കുശേഷം പടിയിറങ്ങിയഇടവേള ബാബുവിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ സലിം കുമാര്‍. ഇളവേള ബാബുവിനെ പുകഴ്ത്തിക്കൊണ്ടാണ് സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനം ഒഴിഞ്ഞെങ്കിലും അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടവേള ബാബുവിന് അധികകാലം മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സലീം കുമാര്‍ കുറിച്ചു.

സലീം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇടവേള ബാബു, കാല്‍ നൂറ്റാണ്ടില്‍ അധികം ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബാബുവിന് അധികകാലം മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു കാരണം ' ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു.
1994ല്‍ 'അമ്മ' രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. 2018ലാണ് ജനറല്‍ സെക്രട്ടറിയായത്.

2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനിടെ, കൊച്ചിയില്‍ നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നടന്‍ സിദ്ദീഖിനെ 'അമ്മ'യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബാബുരാജ് ആണ് ജോയന്റ് സെക്രട്ടറി. ജഗദീഷ്, ജയന്‍ ആര്‍. എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.