- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിഡിയോ വ്യാജം, താൻ ഒരു പാർട്ടിയുടെയും പ്രചാരകനല്ല: ആമിർ ഖാൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ബോളിവുഡ് താരങ്ങൾക്ക് ഭീഷണിയായി ഡീപ് ഫേക്ക് വീഡിയോകളും. ബോളിവുഡ് താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകളാണ് സൈബറിടത്തിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ തന്റെ വീഡിയോ പ്രചരിക്കുന്നതിനെതിരെ ബോളിവുഡ് താരം ആമിർഖാൻ രംഗത്തുവന്നു.
ഒരു രാഷ്ട്രീയപാർട്ടിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന്ആമിർ ഖാൻ വ്യക്തമാക്കി. 35 വർഷത്തിനിടയിലെ സിനിമാ ജീവിതത്തിനിടെ ഇതുവരെ ഒരു രാഷ്ട്രീയപാർട്ടിയുടേയും പ്രചാരകനായി പ്രവർത്തിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ആമിർ ഖാന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 'വ്യാജവും' ആശങ്കപ്പെടുത്തുന്നതുമാണെന്ന് വക്താവ് പറഞ്ഞു.
വ്യാജ വീഡിയോ സംബന്ധിച്ച് ആമിർ ഖാൻ അധികൃതരെ വിവരം അറിയിച്ചതായും, മുംബൈ പൊലീസിന്റെ സൈബർ ക്രൈം സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും നടന്റെ വക്താവ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തതായി കരുതപ്പെടുന്ന 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
വർഷങ്ങളായി തെരഞ്ഞെടുപ്പ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രചാരണങ്ങളിൽ ആമിർ ഖാൻ ഭാഗമായിട്ടുണ്ട്. എന്നാൽ ഇതുവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി നടൻ രംഗത്തു വന്നിട്ടില്ല. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എല്ലാ പൗരന്മാരും വോട്ടു ചെയ്ത്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനും ആമിർ ഖാൻ അഭ്യർത്ഥിച്ചുവെന്ന് വക്താവ് കൂട്ടിച്ചേർത്തു.