കൊച്ചി: ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ നിന്നും ഒടിടിയിലേക്ക്. ആമസോൺ പ്രൈമിൽ ഇന്ന് അർധരാത്രി മുതൽ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെ ആവേശം ഒടിടിയിലേയ്ക്ക് എത്തുന്നത്. വിഷു റിലീസ് ആയി പുറത്തിറങ്ങിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ്.

കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് ചിത്രം നേടിയത്. കർണാടകതമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം വാരി. അൻവർ റഷീദ് എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.

അധോലോക നായകനായ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്.