കൊച്ചി: മിക്‌സി പൊട്ടിത്തെറിച്ച് പരുക്കേറ്റ് വിശ്രമത്തിലായിരുന്നു ഗായിക അഭിരാമി സുരേഷ്. തനിക്ക് പരിക്കേറ്റ വിവരവും അവർ സൈബറിടത്തിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ പരിക്കിന്റെ അപ്‌ഡേറ്റുകലുമായി അഭിരാമി വീണ്ടും രംഗത്തുവന്നു. മുറിവുകൾ ഏറെക്കുറെ ഭേദമായെന്നും വളരെ കുറച്ച് മരുന്നുകൾ മാത്രം കഴിച്ചാൽ മതിയെന്നും ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നുവെന്നും ഗായിക വെളിപ്പെടുത്തി.

നിരവധി പേരാണ് ഫോൺ കോളിലൂടെയൂം മെസേജുകളിലൂടെയും തന്റെ സുഖവിവരം തിരക്കിയതെന്നും പ്രതീക്ഷിക്കാത്തവർ പോലും വിളിച്ചു സംസാരിച്ചെന്നും അഭിരാമി പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയുമാണ് പരുക്കിൽ നിന്നും അതിവേഗം മുക്തി നേടാൻ സഹായിച്ചതെന്നും എല്ലാവരോടും നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. സ്‌നേഹിതർക്കു വേണ്ടി ഗാനവും ആലപിച്ച ശേഷമാണ് അഭിരാമി വിഡിയോ അവസാനിപ്പിച്ചത്.

നവംബർ അവസാന വാരമാണ് പാചകത്തിനിടെ അഭിരാമി സുരേഷിന് പരുക്കേറ്റത്. അടുക്കളയിൽ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയിൽ തട്ടി പരുക്കേൽക്കുകയായിരുന്നു. വലത് കയ്യിലെ 5 വിരലുകളിലും മുറിവേറ്റു. കയ്യിൽ ചെറിയ രീതിയിൽ പൊള്ളലും ഏറ്റിരുന്നു. ഏതാനും ദിവസങ്ങൾ നീണ്ട വിശ്രമത്തിനൊടുവിൽ അഭിരാമി വീണ്ടും വിഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.