മുംബൈ: വീട്ടുകാരുടെ ക്രൂര മർദനത്തിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ടെലിവിഷൻ താരം വൈഷ്ണവി ധൻരാജ്. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്തുവന്നത്. കുടുംബാംഗങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് അവർ വെളിപ്പെടുത്തിയത്. നിലവിൽ താൻ പൊലീസ് സ്റ്റേഷനിലാണെന്നും എല്ലാവരും സഹായിക്കണമെന്നും നടി വിഡിയോയിലൂടെ പറഞ്ഞു.

'എനിക്ക് നിങ്ങളുടെ സഹായം ശരിക്കും ആവശ്യമാണ്. ഞാനിപ്പോൾ കശ്മിറ പൊലീസ് സ്റ്റേഷനിലാണുള്ളത്. എന്റെ വീട്ടുകാർ എന്നെ ക്രൂരമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ദയവായി മാധ്യമങ്ങളും ചാനലുകളും സിനിമ- സീരിയൽ പ്രവർത്തകരും എന്നെ സഹായിക്കണം'- വൈഷ്ണവി വിഡിയോയിൽ പറയുന്നു.

വിഡിയോയിൽ മുഖത്തേറ്റ മുറിവുകളുടെ അടയാളങ്ങളും കാണിക്കുന്നുണ്ട്. വീട്ടുകാരുടെ മർദനത്തിലുണ്ടായ മുറിവുകളെന്നും താരം പറയുന്നു. 2016 ൽ നടൻ നിതിൻ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് നിതിനുമായി വിവാഹമോചനം നേടിയതായി മുമ്പൊരിക്കൽ നടി വെളിപ്പെടുത്തിയിരുന്നു. നിതിനുമായുള്ള ദാമ്പത്യ ജീവിതം മുന്നോട്ടുക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെന്നും നിർഭാഗ്യവശാൽ ശ്രമങ്ങൾ വിജയിച്ചില്ലെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി.

സിഐ.ഡി, തേരേ ഇഷ്ഖ് മേം ഘയൽ തുടങ്ങിയ ഹിന്ദി പരമ്പരകളിലൂടെയാണ് വൈഷ്ണവി ധൻരാജ് ശ്രദ്ധിക്കപ്പെടുന്നത്.