തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ അഭിനയത്തിൽ പയറ്റിത്തെളിഞ്ഞ വ്യക്തി. സംസ്ഥാന-ദേശീയ പുരസ്‌ക്കാരങ്ങളും ഈ നടനെ തേടി എത്തിയിട്ടുണ്ട്. ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് ദേശീയ പുരസ്‌ക്കാരം ഇന്ദ്രൻസിന് ലഭിച്ചത്.

ഇപ്പോൾ വീണ്ടും വിദ്യാർത്ഥിയായാണ് ഇന്ദ്രൻസ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. പത്താംക്ലാസ് തുല്യത ക്ലാസിന് ചേർന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. അതിന്റെ രേഖകൾ എല്ലാ സമർപ്പിച്ച ശേഷമാണ് പത്താംക്ലാസ് തുല്യത ക്ലാസിന് ചേർന്നത്.

ആവശ്യത്തിന് പഠിത്തം ഇല്ലാത്തതിനാൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു. ഇത്തരം അവസരങ്ങൾ ഇല്ലാതാക്കാൻ കൂടിയാണ് ഇത്തരം ഒരു ശ്രമം എന്നാണ് ഇന്ദ്രൻസ് പുതിയ ദൗത്യത്തെക്കുറിച്ച് പറയുന്നത്. അന്ന് ദാരിദ്ര്യം കാരണമാണ് പഠിത്തം നിർത്തിയത്. ഇപ്പോൾ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്ക് പഠിച്ചേ തീരുവെന്ന് ഇന്ദ്രൻസ് പറയുന്നു.

തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ഇന്ദ്രൻസ് പൂർത്തിയാക്കിയത്. 'വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യൽപണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാക്കിയത്' അദ്ദേഹം പറയുന്നു.

2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രൻസ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടി.