മുംബൈ: വലിയ പ്രതീക്ഷകളുമായി തീയേറ്ററിലെത്തിയ പ്രഭാസ് ചിത്രം ആദിപുരുഷിന് ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടി. തുടക്കത്തിൽ രണ്ട് ദിവസം മികച്ചു നിന്ന ചിത്രം പിന്നീട് പ്രതീക്ഷകൾ തെറ്റിച്ചു പിന്നോട്ടു പോകുകയായിരുന്നു. 500 കോടി രൂപ ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം റിലീസ് ചെയ്ത് ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ തിയേറ്റർ കളക്ഷനിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടയിൽ പ്രേക്ഷകരെ ആകർഷിക്കാനും തിയേറ്ററിൽ ആളെക്കൂട്ടാനുമായി ഇന്നും നാളെയും ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിർമ്മാതാക്കളും രംഗത്തെത്തി. ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് 150 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.

എന്നാൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിരക്ക് ഇളവ് ബാധകമല്ല. ത്രീ- ഡിയിൽ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുമെന്നും നിരമാതാക്കൾ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ചതായി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ പുറത്തിറക്കിക്കഴിഞ്ഞു.

റിലീസിന്റെ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട കളക്ഷനോടെ ബോക്സോഫീസിൽ മുന്നേറിയിരുന്ന ആദിപുരുഷിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നതോടെ വലിയ തിരിച്ചടി നേരിടുകയായിരുന്നു. സിനിമയിൽ ഡയലോഗുകൾക്കെതിരെ ഉയർന്ന വിമർശനങ്ങളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു.

റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ലോകമെമ്പാടും 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് ജൂൺ 20 ന് നിർമ്മാതാക്കൾ പുറത്തുവിട്ട ഔദ്യോഗിക കലക്ഷൻ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജൂൺ 20 ചൊവ്വാഴ്ച കലക്ഷൻ കുത്തനെ കുറയുകയും ഇന്ത്യയിൽ നിന്ന് മാത്രമുള്ള കളക്ഷൻ 16 കോടിയായി കുറയുകയും ചെയ്തു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ആറാം ദിവസം ലഭിച്ച ഓൾ ഇന്ത്യ കലക്ഷൻ വെറും ഏഴുകോടിയും. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സ്ഓഫിസിലെ ആറു ദിവസത്തെ കലക്ഷൻ 254 കോടി രൂപയാണ്.