- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ നേരമ്പോക്കല്ല സ്വാധീന ശക്തിയെന്നും അടൂർ ഗോപാലകൃഷ്ണൻ
പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാൻ പാടില്ലാത്ത വഷളൻ സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളിൽ കയറിയിറങ്ങുന്നെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകൾ കാണിക്കുന്ന ഫിലിം സൊസൈറ്റികൾ പ്രസക്തമാകുന്നതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ലൂമിയർ ലീഗ പത്തനംതിട്ട ഫിലിംസൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചലച്ചിത്രം ലുമിയർ സഹോദരന്മാർ സൃഷ്ടിച്ചിട്ട് 129 വർഷമേ ആയിട്ടുള്ളു. ഇന്ന് മനുഷ്യന്റെ എല്ലാ പ്രവർത്തന മേഖലകളെയും സിനിമ സ്വാധീനിക്കുന്നു. അതായത് സിനിമ ഒരു നേരമ്പോക്ക് അല്ല.
സത്യസന്ധമായി ചിത്രീകരിച്ച ഒരു സിനിമ അനന്യമായ ഒരു അനുഭവമാണ് പകർന്നു നൽകുന്നത്. കേരളത്തിൽ ധാരാളം പുതിയ ചലച്ചിത്രകാരന്മാർ ഉണ്ടാകുന്നുണ്ട്. ഒരേ അച്ചിൽ വാർത്ത സിനിമകളല്ല ഇപ്പോൾ ഇറങ്ങുന്നത്. അത് നല്ലൊരു കാര്യമാണ്.
സമാന മനസ്‌കരായ ആളുകൾ ഒരുമിച്ചിരുന്ന് സിനിമ കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഫിലിം സൊസൈറ്റികൾ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ചലനം രേഖപ്പെടുത്തുക എന്നത് ജനങ്ങളുടെ വലിയ സ്വപ്നമായിരുന്നു. ഫോട്ടൊഗ്രഫി വന്നത് വലിയ കുതിച്ചുചാട്ടമായി. പിന്നീട് ചലന ചിത്രങ്ങൾ രേഖപ്പെടുത്താനായി.
തുടർന്ന് ശബ്ദവും രേഖപ്പെടുത്താനായി. 1927 ൽ ആണ് ചലച്ചിത്രങ്ങളിൽ ശബ്ദവും സന്നിവേശിപ്പിക്കാനായത്. അതു പിന്നെ നിറമുള്ള ചിത്രങ്ങളായി. സിനിമയുടെ രൂപവും ഭാവവും മാറി. യൂണിവേഴ്സിറ്റികളിൽ ഇന്ന് സിനിമ പഠനവിഷയമാണ്. സ്‌കൂളിൽ ഒമ്പതാം ക്ലാസുകാരാട് സിനിമയ്ക്ക് തിരക്കഥ എഴുതാൻ പറയുന്നുണ്ട്. ഇതൊരിക്കലും ശരിയല്ല. കുട്ടികൾക്ക് സിനിമയെ കുറിച്ച് അവബോധം നൽകിയതിന് ശേഷമാകണം അവരോട് സിനിമയ്ക്ക് തിരക്കഥ എഴുതാൻ പറയേണ്ടത്. മനുഷ്യരെ ഇത്രത്തോളം സ്വാധീനിച്ച ഒരു കലാരൂപം വേറെയില്ല. ആധുനിക കാലത്ത് ആശുപത്രികളിൽ ചികിൽസ പോലും സിനിമയാണ്.
മനുഷ്യശരീരത്തിലേക്ക് കാമറ കയറ്റി വിട്ട് അതൊക്കെ ഒരു സ്‌ക്രീനിൽ കണ്ടാണ് രോഗം നിർണയിക്കുന്നത്. ഒരു തരത്തിൽ അതും സിനിമയാണ്. തന്റെ സിനിമകളിൽ നടന്മാരുടെ മനോധർമം അനുവദിക്കില്ല. സംവിധായകൻ പറയുന്നതു പോലെ നടൻ അഭിനയിക്കണം. മനോധർമം നാടകത്തിൽ മതി. സിനിമയിൽ അത് പറ്റില്ല. നിയതമായ ചട്ടക്കൂടിൽ നിന്ന് വേണം നടൻ അഭിനയിക്കാൻ. അവിടെ തിരക്കഥ പറയും എന്താണ് വേണ്ടതെന്ന്. അതനുസരിച്ച് നടൻ നീങ്ങണമെന്നും അടൂർ അഭിപ്രായപ്പെട്ടു.
സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടീ. സക്കീർ ഹുസൈൻ അടൂരിനെ ആദരിച്ചു. കോളമിസ്റ്റും ഫിലിംസൊസൈറ്റി പ്രവർത്തകനുമായ എ. മീരാസാഹിബ്, പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സ് ഉടമ പി.എസ്. രാജേന്ദ്രപ്രസാദ് എന്നിവർക്ക് ചെയർമാൻ ഓണററി അംഗത്വം നൽകി. ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, സംവിധായകൻ മധു ഇറവങ്കര, എ. മീരാസാഹിബ്, പി.എസ്. രാജേന്ദ്രപ്രസാദ്, സൊസൈറ്റി ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
സൊസൈറ്റി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ജോയിന്റ് സെക്രട്ടറി രാജേഷ് ഓമല്ലൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ചിത്ര സി. മേനോൻ, ബിനു ജി. തമ്പി, അഡ്വ. റോയി തോമസ് എന്നിവർ വിശിഷ്ടാതിഥികളെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി അടൂർ സംവിധാനം ചെയ്ത നിഴൽക്കുത്ത് സിനിമ പ്രദർശിപ്പിച്ചു. അടൂരുമായി പ്രേക്ഷകരുടെ സംവാദവും സംഘടിപ്പിച്ചു.