കൊച്ചി: കങ്കണ റണാവത്തിനെ ഛണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ മർദ്ദിച്ച സംഭവത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ സെലിബ്രിറ്റികളടക്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഈ വിഷയത്തിൽ നടിയെ പിന്തുണച്ചു രംഗത്തുവന്നിരിക്കയാണ് നടി അഹാനകൃഷ്ണ. അടുത്ത തവണ ദേഷ്യം വരുമ്പോൾ ഉദ്യോഗസ്ഥ തോക്കെടുത്ത് വെടിവച്ചാൽ എന്ത് ചെയ്യും എന്നാണ് അഹാനയുടെ ചോദ്യം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

'ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥയോ മറ്റാരോ ആകട്ടെ, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് വെച്ച് ഇങ്ങനെ പൊതുവിടത്തിൽ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും? മര്യാദ, നീതി ഇവയൊക്കെയില്ലേ? തീർച്ചയായും ഇവർക്കെതിരെ കേസെടുക്കണം. അടുത്ത തവണ ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു?...' അഹാന കുറിക്കുന്നു.

വ്യാഴാഴ്ചയാണ് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ കങ്കണയ്ക്ക് അടിയേറ്റത്. സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കർഷക സമരത്തിൽ പങ്കെടുത്തവരെ കങ്കണ ആക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കുൽവീന്ദർ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. 'നൂറുരൂപയ്ക്ക് വേണ്ടിയാണ് ആളുകൾ സമരത്തിനിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവർ അങ്ങനെ അവിടെപ്പോയി ഇരിക്കുമോ ? ആക്ഷേപപരാമർശം നടത്തിയ സമയത്ത് എന്റെ അമ്മയും അവിടെയുണ്ടായിരുന്നു...' കുൽവീന്ദർ പറഞ്ഞു.