മുംബൈ:ബോളിവുഡിലെ മറ്റൊരു താരവിവാഹം കൂടിയാണ് അടുത്തിടെ നടന്നത്. ഞായറാഴ്ചയായിരുന്നു ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹയും സഹീർ ഇക്‌ബാലും വിവാഹിതരായത്. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ച് വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചായിരുന്നു രജിസ്റ്റർ വിവാഹം. വൈകുന്നേരം സിനിമ താരങ്ങൾക്കായി വിവാഹസത്ക്കാരവും സംഘടിപ്പിച്ചിരുന്നു. സൽമാൻ ഖാൻ, കജോൾ, അനിൽ കപൂർ, വിദ്യ ബാലൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളാണ് വിവാഹ വിരുന്നിനെത്തിയത്.

നടി ആലിയ ഭട്ട് ഉൾപ്പെടെ നിരവധി താരങ്ങൾ നവദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുകയും ചെയ്തു. 'സോനയ്ക്കും സഹീറിനും അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടു പേരും ഒരുപാട് സ്‌നേഹത്തിലും സന്തോഷത്തിലുമാണ്. ഞങ്ങളുടെ ക്ലബിലേക്ക് സ്വാഗതം'- എന്നാണ് സൊനാക്ഷിയുടെ വിവാഹ ചിത്രം പങ്കുവച്ച് ആലിയ കുറിച്ചിരിക്കുന്നത്.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് സൊനാക്ഷിയും സഹീറും വിവാഹിതരായത്. സൊനാക്ഷിയുടെ ബ്രൈഡൽ ലുക്കും വളരെ ലളിതമായിരുന്നു. ത്രെഡ് വർക്കിലുള്ള ക്രീം സാരിയായിരുന്നു താരം അണിഞ്ഞത്. 'ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവുമാണ്. ഇപ്പോൾ മുതൽ എന്നെന്നേക്കുമായി, പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്'- എന്ന് വിവാഹചിത്രങ്ങൾ പങ്കുവച്ച് സൊനാക്ഷി കുറിച്ചിരുന്നു.