മുംബൈ: ബോളിവുഡിൽ അഭിനയ രംഗത്തേക്ക് കൈവെച്ച ശേഷം വിജയവഴിയിലാണ് ആലിയ ഭട്ട്. മെഗാ ഹിറ്റായ ആർആർആറിൽ അടക്കം അവർ അഭിനയിച്ചിരുന്നു. ഇപ്പോൾ മുംബൈയിൽ ആഡംബര അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്ന കാര്യത്തിലും മുന്നിലാണ് നടി. മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ പാലി ഹില്ലിൽ പുതിയ പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ആലിയ ഭട്ട്. 2,497 ചതുരശ്ര അടി വലുപ്പം വരുന്ന അപ്പാർട്ട്‌മെന്റിനായി താരം 37.80 കോടി രൂപ മുടക്കിയെന്നാണ് റിപ്പോർട്ട്.

ഇതിനായി 2.26 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് അടച്ചത്. ഏപ്രിൽ 10നായിരുന്നു പുതിയ അപ്പാർട്ട്‌മെന്റിന്റെ രജിസ്‌ട്രോഷൻ. അന്ന് തന്നെ ഏഴു കോടിയിലധികം വിലമതിക്കുന്ന രണ്ട് അപ്പാർട്ട്‌മെന്റുകൾ മുംബൈയിൽ സഹോദരി ഷഹീൻ ഭട്ടിന്റെ പേരിൽ താരം രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്. മുംബൈയിലെ ജുഹുവിൽ ജിജി അപ്പാർട്ട്മെന്റിൽ 2,086.75 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഫ്‌ളാറ്റുകളാണ് സഹോദരിക്ക് സമ്മാനിച്ചത്. ഇതിനായി 30.75 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചു.

കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺവീർ സിങ്ങിനൊപ്പം ചെയ്യുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി'യാണ് ആലിയയുടെ അടുത്ത ചിത്രം. കൂടാതെ 'ദി ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ചിത്രത്തിലൂടെ ഹോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.