ചെന്നൈ: തമിഴ് നടൻ ശിവകാർത്തികേയനെതിരെ വിമർശനവുമയി പ്രശസ്ത സംഗീത സംവിധായകൻ ഡി ഇമ്മൻ. ശിവകാർത്തികേയൻ വഞ്ചിച്ചെന്നും, ജീവിതത്തിൽ ഇനി ഒരിക്കലും അദ്ദേഹത്തിനൊപ്പം സഹകരിക്കില്ലെന്നും ഇമ്മൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്മന്റെ വെളിപ്പെടുത്തൽ.

എന്നാൽ എന്താണ് ചതിയെന്നോ, അതിന് കാരണമെന്താണെന്നോ ഇമ്മൻ വ്യക്തമാക്കിയിട്ടില്ല. ഭാവിയിൽ ശിവകാർത്തികേയന്റെ ചിത്രങ്ങൾക്കായി സംഗീതസംവിധാനം നിർവഹിക്കില്ല. എന്താണ് പ്രശ്‌നങ്ങളെന്ന് ഇപ്പോൾ പറയില്ല. ശിവകാർത്തികേയന്റെ വഞ്ചന, തന്റെ ജീവിതത്തെ മാറ്റിമറിച്ചെന്നും ഡി ഇമ്മൻ പറഞ്ഞു.

വലിയ ഒരു ദ്രോഹമാണ് ശിവകാർത്തികേയൻ തന്നോട് ചെയ്തത്. അത് പുറത്തുപറയാൻ സാധിക്കില്ല. ദ്രോഹം എന്നത് അങ്ങനെയൊക്കെയാണ് നടക്കുക. ഡി ഇമ്മൻ പറഞ്ഞു. ശിവകാർത്തികേയന്റെ തുടക്കകാലത്തെ നിരവധി സിനിമകൾക്ക് ഇമ്മനാണ് സംഗീതം നിർവഹിച്ചത്. ഇത് വളരെ ഹിറ്റുമായിരുന്നു. എന്നാൽ അടുത്തിടെ ഇരുവർക്കുമിടയിൽ ചില ഭിന്നതകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.