കൊച്ചി: അൽഫോൻസ് പുത്രൻ സിനിമ നിർത്തുന്നു എന്നത് വലിയ വാർത്തയായിരുന്നു. തനിക്ക് ബാധിച്ചരോഗത്ത കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. തിയറ്റർ ഫിലിം കരിയർ ഉപേക്ഷിക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വീണ്ടും അൽഫോൻസ് നിലപാട് അറിയിച്ചു. തന്നെ ഇതിന് പ്രേരിപ്പിച്ചത് ആരാണെന്നും അൽഫോൻസ് വ്യക്തമാക്കി. ആരോഗ്യ പ്രശ്നമാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ കാരണമായി അദ്ദേഹം പറഞ്ഞത്. ഇപ്പോൾ തിയറ്റർ ഉടമകൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണഎ അൽഫോൻസ് പുത്രൻ.

തന്റെ സുഹൃത്തുക്കളായ കാർത്തിക് സുബ്ബരാജ്, ബോബി സിൻഹ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രം അൽഫോൻസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.കൂട്ടത്തിൽ ഒരാളുടെ ചോദ്യം തിയറ്റർ സിനിമകൾ ഇനി ചെയ്യില്ലേ എന്നായിരുന്നു. ഇതിനാണ് തിയറ്റർ ഉടമകളെ രൂക്ഷമായ ഭാഷയിൽ അൽഫോൻസ് വിമർശിച്ചത്. റിവ്യൂവേഴ്സിനായി തിയറ്റർ തുറന്നു കൊടുത്തു എന്നാണ് ആരോപിച്ചത്. തന്റെ ആരോഗ്യം മോശമാക്കിയത് തിയറ്റർ ഉടമകളാണെന്നും അൽഫോൻസ് കുറിച്ചു.

തിയറ്ററിൽ വേണോ വേണ്ടേ എന്ന് ഞാൻ മാത്രം തീരുമാനിച്ചിട്ടില്ല. തിയറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ഇടാൻ സഹായം ചെയ്തുകൊടുത്തത് തിയറ്റർ ഉടമകൾ തന്നെയല്ലേ? അവർക്കുവേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവർ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവർ പറയുന്ന ഡേറ്റിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്.

സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ അറിയുന്നത്. ഒരു റൂമിൽ ഇരുന്ന ചെറിയ എഴുത്തുകാരൻ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദർശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങൾ തിയറ്റർ ഉടമകൾ നശിപ്പിക്കാൻ അനുവദിച്ച എല്ലാ എഴുത്തുകാരും അർഹമായ നഷ്ടപരിഹാരം അർഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീർ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീർ. അതുകഴിഞ്ഞ് അൽഫോൻസ് പുത്രൻ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാൻ ഞാൻ സൂപ്പർമാനൊന്നുമല്ല. ആ വിഡ്ഢികൾ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.