തിരുവനന്തപുരം: പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. 2022ൽ തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷച്ചത് പോലെ തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്ന അൽഫോൻസ് പുത്രൻ പങ്കുവെച്ച ഗോൾഡിന്റെ പുറത്തുവിടാത്ത ടീസറാണ്. പാതിവെന്ത ഗോൾഡിന്റെ ടീസർ എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ലോഗോ ഡിസൈനും കളർ കറക്ഷനും സൗണ്ട് ഡിസൈനും ബി.ജി.എം ചേർക്കുന്നതിന് മുമ്പുള്ള പാതിവെന്ത ടീസർ. നിങ്ങൾ ആസ്വദിക്കുമല്ലോ' എന്നും അൽഫോൻസ് പുത്രൻ പറയുന്നു. ഗോൾഡിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പൃഥ്വിരാജ്, നയൻതാര എന്നിവർക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, ശബരീഷ് വർമ, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഗോൾഡ് പരാജയപ്പെട്ടതല്ല ചിത്രത്തെ പരാജയപ്പെടുത്തിയതാണെന്ന് ആരോപിച്ച് അൽഫോൻസ് പുത്രൻ രംഗത്തെത്തിയിരുന്നു.