- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്; ചിത്രം പൊട്ടിയതല്ല, പൊട്ടിച്ചത്... മഹാനും കൂട്ടരും പെടും, ഞാൻ പെടുത്തും: ഫേസ്ബുക്ക് കുറിപ്പുമായി അൽഫോൻസ് പുത്രൻ
കൊച്ചി: പൃഥ്വിരാജ് ചിത്രം ഗോൾഡ് പരാജയപ്പെട്ടതല്ല മറിച്ച് പരാജയപ്പെടുത്തിയതാണെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. തിയറ്ററുകളിൽ മാത്രമാണ് ഗോൾഡ് പരാജയപ്പെട്ടതെന്നും റിലീസിന് മുമ്പ് 40 കോടി നേടിയ ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡെന്നും അൽഫോൻസ് പുത്രൻ ആരാധകന്റെ കമന്റിന് മറുപടിയായി ഫേസ്‌ബുക്കിൽ കുറിച്ചു. കൂടാതെ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുത്തിയവരെ പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
'പടം പൊട്ടിയതല്ല, പൊട്ടിച്ചതിലാണ് പ്രശ്‌നം. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. ചിത്രം ഫ്‌ളോപ്പ് അല്ല, തിയറ്ററിൽ പരാജയമാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയാണ്. ഒരുപാട് നുണകൾ എന്നോട് പറഞ്ഞു. കിട്ടിയ തുകയും എന്നിൽ നിന്ന് മറച്ചുവെച്ചു. ആരും സഹായിച്ചില്ല. പുട്ടിന് പീര എന്ന പോലെ ഒരു അൽഫോൻസ് പുത്രൻ ചിത്രം എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്.
സിനിമയിൽ ഏഴ് ജോലികൾ ഞാൻ ചെയ്തിരുന്നു. പ്രമോഷൻ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മാറി നിന്നിരുന്നു. ബാക്കിയെല്ലാവരും സംസാരിക്കുമെന്നാണ് കരുതിയത്. ഗോൾഡ് പരാജയപ്പെട്ടത് തിയറ്ററുകളിൽ മാത്രമാണ്. ഇനിയും പ്രേമത്തിന്റെ പണം തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക പറഞ്ഞത്. തിയറ്ററുകളിൽ ആളെക്കൊണ്ട് കൂവിച്ച മഹാനും മഹാന്റെ കൂടെയുള്ളവരും എല്ലാം പെടും. ഞാൻ പെടുത്തും'- അൽഫോൻസ് പുത്രൻ പറഞ്ഞു.
നിവിൻ പോളിയുമായി ചേർന്ന് ആദ്യകാലങ്ങളിൽ ചെയ്ത ഒരു ഷോർട്ട് ഫിലിമിന്റെ ചിത്രം അൽഫോൻസ് പുത്രൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. അതിന് ചുവടെയായി 'ഒരു ചിത്രം പരാജയപ്പെട്ടാൽ എന്തിനാണ് ഇത്രയും ഡിപ്രസാകുന്നത്. അങ്ങനെയാണെങ്കിൽ ലാലേട്ടനൊക്കെ ഇൻഡസ്ട്രിയിൽ കാണുമോ. ഒരു ഗോൾഡ് പോയാൽ ഒമ്പത് പ്രേമം വരും. പോസിറ്റീവായി ഇരിക്കൂ. ശക്തമായി തിരിച്ചു വരൂ'...എന്ന ആരാധകന്റെ കമന്റിനായിരുന്നു അൽഫോൻസ് പുത്രന്റെ മറുപടി.
ആരോഗ്യപ്രശ്‌നത്തെ തുടർന്ന് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അൽഫോൻസ് പുത്രൻ അറിയിച്ചിരുന്നു. തനിക്ക് ഓട്ടിസം സപെക്ട്രം ഡിസോർഡർ ആണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നുമാണ് അൽഫോൻസ് പറഞ്ഞത്. പിന്നീട് പോസ്റ്റ് അൽഫോൻസ് തിരുത്തിയിരുന്നു.