കൊച്ചി: തിയറ്ററുകളിൽ ആവേശത്തിരയിളക്കിയ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നതായി സൂചന. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രം ഒരുക്കിയ നേരവും പ്രേമവും ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. എന്നാൽ സിനിമ സംവിധാനം നിർത്തുന്നു എന്ന അൽഫോൻസ് പുത്രന്റെ പ്രഖ്യാപനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

എന്നാൽ അൽഫോൻസ് പുത്രന് ജന്മദിനാശംസകൾ അറിയിച്ച് നിവിൻ പോളി പങ്കുവെച്ച മറുപടിയാണ് ആരാധകരിൽ വീണ്ടും ആകാംക്ഷ നിറയ്ക്കുന്നത്. 'മച്ചാനെ അടുത്ത സിനിമ പൊളിക്കണ്ടേ' എന്ന് അൽഫോൻസ് പുത്രന്റെ ചോദ്യത്തിന് 'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

2013ലാണ് അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളിയും നസ്രിയയും പ്രധാന വേഷങ്ങളിലെത്തിയ നേരം റിലീസ് ചെയ്യുന്നത്. 2015-ലാണ് പ്രേമം റിലീസിനെത്തിയത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു.