മുംബൈ: നടി അമല പോൾ വിവാഹിതയാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആരാധകർ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് സുഹൃത്ത് ജഗദ് ദേശായി അമലയെ പ്രപ്പോസ് ചെയ്തത്. എന്റെ ഹിപ്പി ക്വീൻ യെസ് പറഞ്ഞു എന്ന കുറിപ്പിൽ ജഗദ് തന്നെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. ഇപ്പോൾ ജഗദ് ദേശായിയെക്കുറിച്ചുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ സജീവമാവുന്നത്.

അമല പോളിന്റെ ആരാധകർ ഇതുവരെ കേൾക്കാത്ത പേരാണ് ജഗദ് ദേശായിയുടേത്. സിനിമയുമായി ജഗദിന് ബന്ധമില്ല. ആള് മലയാളിയുമല്ല. പിന്നെ എങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് ആരാധകരുടെ ചോദ്യം. ഗുജറാത്തിലെ സൂറത്താണ് ജഗദിന്റെ ജന്മദേശം. ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിൽ തന്നെയായിരുന്നു.

തുടർന്ന് ജോലിയുടെ ഭാഗമായി ഗോവയിലേക്ക് താമസം മാറുകയായിരുന്നു. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ ജഗദ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് അമല പോൾ. അങ്ങനെയൊരു യാത്രക്കിടെയാണ് ജഗദിനെ പരിചയപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014ലാണ് സംവിധായകൻ എ.എൽ. വിജയ്‌യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി.