മുംബൈ: മകൾ ഇറ ഖാന്റെ വിവാഹത്തിനൊരുങ്ങി ആമിർ ഖാനും കുടുംബവും. 2024 ജനുവരി മൂന്നിനാണ് ഇറയുടേയും ഫിറ്റ്‌നെസ് ട്രെയിനറായ നുപൂർ ശിഖാരയുടേയും വിവാഹം നടക്കുക. വിവാഹത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കളും ആമിറിന്റേയും മുൻഭാര്യ റീന ദത്തയുടേയും വസതിയിൽ പൂർത്തിയായിട്ടുണ്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് പങ്കെടുക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. മുൻഭാര്യമാരായ കിരൺ റാവും റീന ദത്തയും വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിലെ ആമിറിന്റെ വസതിയിൽ എത്തിയിട്ടുണ്ട്.

ബാദ്രയിലെ താജ് ലാൻഡ് എൻഡ് ഹോട്ടലിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. രജിസ്റ്റർ വിവാഹത്തിനുശേഷമാകും ചടങ്ങുകൾ ആരംഭിക്കുക. ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും.

കഴിഞ്ഞ വർഷമായിരുന്നു നുപൂർ ശിഖാരയുടേയും ഇറ ഖാന്റേയും വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായി നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷ നടന്നിരുന്നു.