- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനിമലി'ലെ വില്ലനെ എന്തുകൊണ്ട് മുസ്ലിമാക്കി? വിശദീകരണവുമായി സംവിധായകൻ സന്ദീപ് റെഡ്ഡി
മുംബൈ: രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമായ 'അനിമൽ' ബോക്‌സോഫീസിൽ 850 കോടിയിലേറെ കളക്ഷനുമായി കുതിക്കുകയാണ്. അനിമലി'ലെ വയലൻസും സ്ത്രീവിരുദ്ധതയും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, ബോക്‌സോഫീസിൽ ഇതൊന്നും ബാധിച്ചിട്ടില്ല.
അനിമലി'ൽ രൺബീറിന്റെ വില്ലനായി എത്തിയത് ബോബി ഡിയോൾ ആയിരുന്നു. അദ്ദേഹം അവതരിപ്പിച്ച 'അബ്രാർ ഹഖ്' എന്ന അതിക്രൂരനായ പ്രതിനായക കഥാപാത്രവും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സിനിമയിൽ രൺബീർ അവതരിപ്പിച്ച രൺവിജയ് സിങ്ങിന്റെ കുടുംബാംഗമായിട്ടു കൂടി അബ്രാറിനെ മുസ്‌ലിം കഥാപാത്രമാക്കിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ.
ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ വിശദീകരണവുമായി എത്തിയത്. ആളുകൾ ദുർബലരും ആത്മവിശ്വാസമില്ലാത്തവരുമായി മാറുമ്പോൾ മതത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തിരിയാനുള്ള സാധ്യത കൂടുതലാണെന്നും അത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും വംഗ പറഞ്ഞു.
സിനിമയിൽ, തന്റെ മുത്തച്ഛന്റെ മരണത്തെത്തുടർന്ന് അബ്രാർ വലിയ മാനസികാഘാതം അനുഭവിക്കുന്നു, അതിനാലാണ് അയാൾക്ക് സംസാരശേഷി നഷ്ടമാകുന്നത്. പിന്നീട്, സ്വന്തം സഹോദരൻ കൊല്ലപ്പെടുമ്പോൾ, അവൻ രൺവിജയിനെതിരെ (രൺബീറിന്റെ കഥാപാത്രം) യുദ്ധത്തിനിറങ്ങുകയാണ്. അവർ തമ്മിൽ ബന്ധമുണ്ടെന്ന് പിന്നീടാണ് വെളിപ്പെടുന്നത്.
''ഞാൻ ചിലയാളുകളെ കണ്ടിട്ടുണ്ട്, അവർ ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു അവസ്ഥയിലേക്ക് പോകുമ്പോൾ, ചിലർ വന്ന് അവരോട് പറയും, 'ചർച്ചിലേക്ക് പോകൂ, അല്ലെങ്കിൽ ബാബയുടെ അടുത്തേക്ക് പോകൂ എന്നൊക്കെ, പിന്നാലെ പേര് മാറ്റാനൊക്കെ ആവശ്യപ്പെടും...' ജീവിതത്തിൽ ഏറെ യാതനകൾ അനുഭവിച്ചതിനെ തുടർന്ന് ആളുകൾ മതം മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്,
വളരെ മോശം അവസ്ഥയിൽ അതൊരു പുതിയ ജനനമാണെന്ന് അവർക്ക് തോന്നും. തികച്ചും പുതിയൊരു ഐഡന്റിറ്റി മാറ്റമാണത്. ധാരാളം ആളുകൾ ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കുമൊക്കെ പോകുന്നത് നാം കാണുന്നു; എന്നാൽ, അതുപോലെ ആരും ഹിന്ദുമതത്തിലേക്ക് മാറുന്നത് നമ്മൾ കണ്ടിട്ടില്ല.- വംഗ വ്യക്കമാക്കി.