മുംബൈ: സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി ബോളിവുഡ് നടൻ പങ്കജ് ഝാ. അനുരാഗിന്റെ ഗ്യാങ്സ് ഓഫ് വാസേപൂരിൽ സുൽത്താനായി എത്തേണ്ടിരുന്നത് താനാണെന്നും തന്നെ ഒഴിവാക്കിയെന്നുമായിരുന്നു നടന്റെ ആരോപണം.

വാക്ക് പാലിക്കാതിരുന്ന അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവനാണ് എന്ന് പറഞ്ഞെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ട് പങ്കജ് തന്നെ രംഗത്തെത്തി. ഇപ്പോൾ നടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അനുരാഗ് കശ്യപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് വ്യക്തികൾ ഉൾപ്പെട്ട കഥകളിലെല്ലാം രണ്ട് ഭാഗങ്ങളുണ്ട് എന്നാണ് താരം പറഞ്ഞത്.

എന്താണ് നടന്നതെന്ന് എനിക്ക് കൃത്യമായി ഓർമയില്ല. ഗ്യാങ്സ് ഓഫ് വാസിപൂർ ആരംഭിക്കുന്ന സമയത്ത് പങ്കജ് ഝായെ ലഭിച്ചില്ല. സാമ്പത്തികമായി ഞങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തെ കാത്തിരിക്കാൻ പറ്റിയ അവസ്ഥയായിരുന്നു. ഞങ്ങൾ വ്യത്യസ്തമായ രീതിയിലും ബജറ്റിലും സിനിമയെടുത്തു. പങ്കജ് ഝാ അഭിനയിക്കാനിരുന്ന വേഷം ചെയ്തത് പങ്കജ് ത്രിപാഠിയായിരുന്നു. 20 വർഷങ്ങൾക്ക് ശേഷം ആരോപണം ഉന്നയിക്കുന്നത് പങ്കജ് ത്രിപാഠിയുടെ വളർച്ച കാരണമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.