മുംബൈ: ബോക്‌സോഫീസിൽ നിന്നും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ. സിനിമയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. അസാധാരണമായ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ് എന്നും ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാൾ മികച്ചതാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു. ഇത്തരം ആശയങ്ങളുടെ റീമേക്കുകൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. മലയാളം സിനിമകൾക്ക് മുന്നിൽ ഹിന്ദി സിനിമ ഏറെ പിന്നിലേക്ക് പോവുകയാണെന്നും അദ്ദേഹം കുറിച്ചു.

'അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമ്മാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.

തമിഴ്‌നാട്ടിലുൾപ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മൽ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകൾ അടക്കം ചിത്രത്തിന് നൽകുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയിൽ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളിൽ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിങ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.