മുംബൈ: ബോളിവുഡിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ബന്ധമാണ് നടൻ അർജുൻ കപൂറിന്റേയും മലൈക അറോറയുടേയും. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നത്. അർജുന്റെ 39ാം പിറന്നാൾ ദിനത്തിൽ മലൈക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.

കണ്ണുമടച്ച് വിശ്വസിക്കാൻ പറ്റുന്നവരാണ് ജീവിതത്തിൽ വേണ്ടത് എന്നാണ് പോസ്റ്റിൽ പറയുന്നത്. കണ്ണുകൾ അടച്ചിരിക്കുമ്പോഴും പുറംതിരിഞ്ഞിരിക്കുമ്പോൾ വിശ്വസിക്കാനാവുന്നവരെയാണ് എനിക്ക് ഇഷ്ടം എന്നു പറയുന്ന പോസ്റ്റാണ് മലൈക പങ്കുവച്ചത്. അർജുന്റെ പിറന്നാൾ ദിനത്തിൽ പ്രത്യക്ഷപ്പെട്ടതിനാൽ തന്നെ ഇരുവരുടേയും ബന്ധത്തേക്കുറിച്ചാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. സോഷ്യൽ മീഡിയയിൽ ഇതിനോടകം പോസ്റ്റ് വൈറലായി കഴിഞ്ഞു.

പിറന്നാളിനോട് അനുബന്ധിച്ച് അർജുൻ തന്റെ വസതിയിൽ ഒരു പാർട്ടി ഒരുക്കിയിരുന്നു. താരത്തിന്റെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് പാർട്ടിയിലേക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാൽ മലൈക പാർട്ടിയിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വേർപിരിഞ്ഞത്. എന്നാൽ ബ്രേക്കപ്പ് റൂമറുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.