കൊച്ചി: പത്മരാജൻ സിനിമകളിൽ അടക്കം അഭിനയിച്ചു ഒരുകാലത്ത് മലയാളത്തിൽ സജീവമായി നിന്ന നടനാണ് അശോകൻ. അദ്ദേഹത്തിന്റേതായി ഓർത്തുവെക്കാൻ നിരവധി സിനിമകൾ ഉണ്ട് താനും. ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്ത മാസ്റ്റർ പീസ് എന്ന സീരീസിലാണ് അശോകൻ അവസാനമായി അഭിനയിച്ചത്.

ഇപ്പോൾ മിമിക്രി വേദികളിൽ തന്നെ വികലമായി അനുകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അശോകൻ. ചിലരുടെ അനുകരണം തന്നെ വേദനിപ്പിക്കുന്നു എന്നാണ് അശോകൻ പറഞ്ഞത്. നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനേയും താരം വിമർശിച്ചു.

'അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് തന്നെ പലരും മിമിക്രിയിൽ അവതരിപ്പിക്കുന്നത്. മിമിക്രിക്കാർ നല്ലതായിട്ട് ചെയ്യുന്നവരുണ്ട്. വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ശരിക്കുമുള്ളതിന്റെ പത്തുമടങ്ങാണ് പലരും കാണിക്കുന്നത്. ഞാൻ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറിയില്ല. മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര് വലിച്ച് നീട്ടുന്നത്. പിന്നെ കളിയാക്കി ചെയ്യുന്ന ധാരാളം ആൾക്കാരുമുണ്ട്. അവരൊക്കെ നമ്മളെ പോലുള്ള ആക്ടേർസിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്തോട്ടെ. മനഃപൂർവ്വം കളിയാക്കാൻ ചെയ്യുന്നവരുമുണ്ട്. സ്നേഹം കൊണ്ട് ചെയ്യുന്നവർ കുറച്ച് ഒറിജിനലായിട്ട് ചെയ്യും' - അശോകൻ പറഞ്ഞു.

അസീസ് നെടുമങ്ങാട് നന്നായിട്ടാണ് അശോകനെ അനുകരിക്കുന്നത് എന്ന് അവതാരകൻ പറഞ്ഞപ്പോൾ താരം എതിർക്കുകയായിരുന്നു. തന്നെ മോശമായി അനുകരിക്കുന്ന കൂട്ടത്തിൽപ്പെട്ട ആളാണ് അസീസ് എന്നാണ് അശോകൻ പറഞ്ഞത്. അസീസ് നന്നായി മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് പലപ്പോഴും ഞാൻ മുമ്പേ പറഞ്ഞ കേസുകളിൽ പെടുന്ന ഒരാളാണ്. നമ്മളെ പോലുള്ള കുറച്ച് നടന്മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാൻ പറ്റില്ലല്ലോ.- അശോകൻ കൂട്ടിച്ചേർത്തു.