കൊച്ചി: ഭാര്യ എലിസബത്തും താനും ഒരുമിച്ചല്ലെന്നുള്ള ബാലയുടെ വെളിപ്പെടുത്തലും എലിസബത്തിന്റെ സമൂഹമാധ്യമക്കുറിപ്പും നേരത്തേ ചർച്ചയായിരുന്നു. ബാലയുടെ ദാമ്പത്യത്തിലെ കുഴപ്പങ്ങളാണ് ഇതോടെ ചർച്ചയായത്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്ന് എലിസബത്തിന്റെ പോസ്റ്റാണ് ചർച്ചയായത്. ഇപ്പോഴിതാ താൻ അതീവ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്.

'നിങ്ങൾക്ക് യോജിക്കാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ' എന്ന് തുടങ്ങുന്ന കുറിപ്പാണ് എലിസബത്ത് പങ്ക് വെച്ചിരിക്കുന്നത്. ഹൃദയശുദ്ധിയുള്ളവർ സ്‌നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. സ്‌നേഹം ആദ്യത്തേത് പോലെ തിരികെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് എന്നും കുറിപ്പിലുണ്ട്.

എലിസബത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. എന്താണ് പ്രശ്‌നം എന്നും പിരിയാൻ കാരണം എന്താണ് എന്നുമാണ് പലരും കമന്റായി ചോദിക്കുന്നത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്.

ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറഞ്ഞിരുന്നു. എന്നാൽ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുണ്ട്.