- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലകൃഷ്ണ ഗാരുവുമായി വർഷങ്ങളായുള്ള സൗഹൃദം; അഞ്ജലി
ഹൈദരാബാദ്: നടി അഞ്ജലിയെ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ പൊതുവേദിയിൽ അപമാനിച്ച വീഡിയോ ഇന്നലെ സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ദേശീയ മാധ്യമങ്ങളും ഏറ്റെടുത്ത വിഷയം നിമിഷ നേരം കൊണ്ടാണ് കത്തിക്കയറിയത്. എന്നാൽ ഇപ്പോൾ ആ സംഭവത്തിന് ശേഷമുള്ള നടി അഞ്ജലിയുടെ ഇൻസ്റ്റഗ്രം പോസ്റ്റും വൈറലാണ്.
ഗ്യാങ്സ് ഓഫ് ഗോധാവരിയുടെ പ്രി റിലീസിങ് ചടങ്ങിലായിരുന്നു സംഭവം. അഞ്ജലി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പ്രി റിലീസിങ് ഇവന്റിൽ മുഖ്യാതിഥിയായി എത്തിയതാണ് നന്ദമൂരി ബാലകൃഷ്ണ. സ്റ്റേജിൽ ഫോട്ടോഷൂട്ടൊക്കെ നടക്കുന്നതിനിടെയാണ് നന്ദമൂരി അഞ്ജലിയെ പിടിച്ചു തള്ളിയത്. അങ്ങേയറ്റം മോശശമാ. പെരുമാറ്റം എന്ന് പറഞ്ഞ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ഹൻസൽ മെഹ്ത വിഷയത്തിൽ പ്രതികരിക്കുകയും, നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്ന് വിളിക്കുകയും ചെയ്തു. ആ വിഷയത്തിലും ട്വിറ്ററിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു.
വിഷയം ദേശീയ തലത്തിൽ ചർച്ചയാകുകയും, നന്ദമൂരി ബാലകൃഷ്ണയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ പോസ്റ്റ്. പ്രി റിലീസ് ഇവന്റിൽ നിന്നുമെടുത്ത വീഡിയോയ്ക്കൊപ്പം അഞ്ജലി പറയുന്നു, താനും ബാലകൃഷ്ണ ഗാരുവും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ് എന്ന്.
ഗ്യാങ്സ് ഓഫ് ഗോധാവരിയുടെ പ്രി റിലീസ് ഇവന്റിൽ പങ്കെടുത്തതിൽ നന്ദമൂരി ബാലകൃഷ്ണ ഗാരുവിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും വളരെക്കാലമായി ഞങ്ങൾ നല്ല സൗഹൃദം പങ്കിടുന്നുവെന്നും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചത് അതിമനോഹരമായിരുന്നു' എന്നാണ് അഞ്ജലിയുടെ ഇൻസ്ററ്റഗ്രാം പോസ്റ്റ്. ബാലകൃഷ്ണയുടെ ആ പെരുമാറ്റത്തിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല എന്ന് ഒറ്റ പോസ്റ്റിലൂടെ നടി വ്യക്തമാക്കി.
കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുന്നതിനാൽ പോസ്റ്റിന് താഴെ ആരാധകരുടെ പ്രതികരണം ഒന്നുമില്ല. എന്നാൽ അഞ്ചലിയുടെ പോസ്റ്റ് ഏറ്റെടുത്ത നന്ദമൂരി ബാലകൃഷ്ണയുടെ ആരാധകർ അത് ആഘോഷിക്കുകയാണ്. ഹൻസൽ മെഹ്തയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റെന്ന് പറഞ്ഞാണ് അഞ്ജലിയുടെ പോസ്റ്റിന്റെ സ്‌ക്രീൻ പ്രിന്റുകൾ വൈറലാവുന്നത്. എന്നാൽ ഇത്രയും ഗൗരവമേറിയ വിഷയത്തെ നിസ്സാരവത്കരിച്ചതിൽ അഞ്ജലിക്ക് എതിരെ രംഗത്തെത്തിയവരുമുണ്ട്.