കൊച്ചി: ബാംഗ്ലൂർ ഡെയ്‌സിലെ ക്ലൈമാക്‌സിലുള്ള ബൈക്ക് റേസിൽ അഭിനയിച്ചിരിക്കുന്നത് ദുൽഖർ സൽമാനല്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ചിത്രത്തിലെ ക്ലൈമാക്‌സിൽ കാണുന്നത് യഥാർഥ സൂപ്പർ ക്രോസ് റേസിങ് മത്സരമാണെന്നും ദുൽഖറായി എത്തിയത് റിയൽ റേസറാണെന്നും അഞ്ജലി മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'സിനിമയുടെ ക്ലൈമാക്‌സിൽ വലിയൊരു റേസ് ഉണ്ട്. ആ സമയത്ത് അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ഞങ്ങളുടെ കൈയില്ലായിരുന്നു. അപ്പോഴാണ് പൂണെയിൽ സൂപ്പർക്രോസ് ടൂർണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾ അറിഞ്ഞത്. വൈകിട്ട് ഏഴ് മണി മുതൽ പത്ത് മണി വരെയാണ് സൂപ്പർക്രോസ് റേസ് നടക്കുന്നത്. അന്നത്തെ നാഷണൽ ചാംപ്യനായ അരവിന്ദ് കെ.പി.യെ ഞങ്ങൾ കണ്ട് കാര്യങ്ങൾ പറഞ്ഞു. ദുൽഖർ സൽമാൻ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസിൽ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തി.

നിർഭാഗ്യവശാൽ ആദ്യ റേസിൽ അരവിന്ദ് പരാജയപ്പെട്ടു. ഞങ്ങൾക്ക് ആകെ വിഷമമായി. അദ്ദേഹം പരാജയപ്പെട്ടാൽ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്, ആദ്യ റേസും അവസാന റേസും. ലാസ്റ്റ് റേസ് ആണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. കാമറ ക്രൂ അത് കൃത്യമായി പ്ലാൻ ചെയ്തു. അങ്ങനെ ഭാഗ്യവശാൽ ഞങ്ങൾ ചിത്രീകരിച്ച ആ ലാസ്റ്റ് റേസിൽ അരവിന്ദ് വിജയിച്ചു.

പിന്നീട് ആദ്യം തോൽക്കുന്നതും പിന്നീട് ജയിക്കുന്നതുമായ രണ്ട് ഫൂട്ടേജും ഞങ്ങൾ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു. ആ ക്ലൈമാക്‌സിൽ കാണുന്നതെല്ലാം യഥാർഥ ഫൂട്ടേജാണ്. എന്നാൽ ഒരു ഡ്രാമ സൃഷ്ടിക്കപ്പെടുമ്പോൾ ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. അത് ഞങ്ങളുടെ ആർട്ട് ടീം വളരെ മനോഹരമായി ചെയ്തു'അഞ്ജലി മേനോൻ പറഞ്ഞു.

ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ, പാർവതി, നിത്യ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂർ ഡെയ്‌സ്. 2014 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു.