കൊച്ചി: സിനിമാേപ്രമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ജിയോ ബേബി- മമ്മൂട്ടി ചിത്രം ' കാതൽ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചു. തിയേറ്ററിൽ നിന്ന് ചിത്രം കണ്ടിറങ്ങിയ ബേസിൽ യുട്യൂബ് ചാനലുകാരോടാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

''നല്ല സിനിമയായിരുന്നു. ഉഗ്രൻ. ഞെട്ടിച്ചുകളഞ്ഞു. ഭയങ്കര സമകാലിക പ്രസക്തിയുള്ള വിഷയമാണ്. ഗൗരവമുള്ളതും സെൻസിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുമുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോൾസൺ, ആദർശ് എല്ലാവരും കൈയടി അർഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോൾ ഇമോഷണൽ ആവും. റിലേറ്റ് ചെയ്യാൻ പറ്റും'', ബേസിൽ പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമായ കാതൽ മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.