കൊച്ചി: മലയാളം സിനിമയിൽ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. അടുത്തിടെ തീർത്തും വ്യത്യസ്തമായ വേഷങ്ങളാണ് താരത്തിന്റേതായി വന്നത്. ഇപ്പോൾ വരാനിരിക്കുന്ന പുതിയ സിനിമയും താരത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ രംഗത്തെത്തി. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലേത് പോലെ ഡാർക്ക് പശ്ചാത്തലത്തിലാണ് ടീസറും എത്തിയിരിക്കുന്നത്.

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് ടീസറിലുള്ളത്. അർജുൻ അശോകനിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങളാണ് സിദ്ധാർഥ് ഭരതന്റെ കഥാപാത്രം ഉയർത്തിയിരിക്കുന്നത്. ഒരു ദുർമന്ത്രവാദിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്നും നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ആളാണെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിനായി സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമ്മിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളം കൂടാകെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

പ്രമുഖ തമിഴ് സിനിമാ ബാനർ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനർ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രമാണ് ഈ ബാനറിൽ പുറത്തെത്തുക.