- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭ്രമരം' സിനിമ 15 വർഷമാകുമ്പോൾ ഓർമ്മകൾ പങ്കിട്ട് മുരളി ഗോപി
കൊച്ചി: ബ്ലെസിയും മോഹൻലാലും ഒരുമിച്ച ഭ്രമരം സിനിമ മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം പുറത്തിറങ്ങി 15 വർഷങ്ങൾ പിന്നിടുമ്പോൾ ഓർമക്കുറിപ്പുമായെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2004-ൽ രസികൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയെങ്കിലും അഞ്ചുവർഷത്തെ ഇടവേള കഴിഞ്ഞ് മുരളി ഗോപി ചെയ്ത ചിത്രമായിരുന്നു ഭ്രമരം.
ഫേസ്‌ബുക്കിലെഴുതിയ ചെറുകുറിപ്പിലാണ് മുരളി ഗോപി ഭ്രമരത്തെയും സംവിധായകൻ ബ്ലെസി തന്നെ കാണാൻ വന്നതിനേക്കുറിച്ചും ഓർമിക്കുന്നത്. ഇപ്പോഴത്തെ സംവിധായകൻ രതീഷ് അമ്പാട്ട് വഴിയാണ് ബ്ലെസി തന്നെ സമീപച്ചതെന്ന് മുരളി ഗോപി ഓർത്തെടുത്തു. താൻ സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്നു ചോദിച്ചപ്പോൾ സ്‌നേഹത്തോടെ വേണം എന്നായിരുന്നു ബ്ലെസിയുടെ മറുപടി. മറുത്തൊന്നും പറയാതെ എന്നാൽ ശരി എന്നുപറയുകയായിരുന്നു താനെന്നും മുരളി ഗോപി എഴുതി.
'ഭ്രമരം' തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പതിനഞ്ചു വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലിൽ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു.
'ഭ്രമരത്തിൽ' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. "ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ" എന്ന ചോദ്യത്തിന് "വേണം" എന്ന ഒറ്റ വാക്കിൽ മറുപടി. ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ "എന്നാൽ ശരി" എന്ന് മാത്രമേ പറയാനായുള്ളൂ.
ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. "ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ..." എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. മുരളി ഗോപി എഴുതി. വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം. ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ എന്നുപറഞ്ഞുകൊണ്ടാണ് മുരളി ഗോപി കുറിപ്പ് അവസാനിപ്പിക്കുന്നത്.