സാഹസികതയിലൂടെ ആരാധകരെ അമ്പരപ്പിച്ചു ടൊവിനോ തോമസ്. കഴിഞ്ഞ ദിവസമാണ് താരം സോഷ്യൽ മീഡിയയിൽ സിംഹത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കൽ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരിക്കുന്നു. ബംഗീ ജംപിങ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ ചെറിയ ചാട്ടമൊന്നുമല്ല ടൊവിനോ നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നാണ് താരത്തിന്റെ ബംഗീ ജംപ്.

വിക്ടോറിയ വെള്ളച്ചാട്ടമുള്ള ആഫ്രിക്കയിലെ നാലാമത്തെ വലിയ നദിയായ സാംബെസി നദിക്ക് കുറുകെയുള്ള 'ഹിസ്റ്റോറിക് പാല'ത്തിൽ നിന്നാണ് ടൊവിനോ ബംഗീ ജംപിങ് നടത്തിയത്. താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. 'ഓരോ ഉയർച്ചയും വീഴ്ചയിൽ നിന്നാണ് തുടങ്ങുന്നത്. ഇവിടെ ഞാൻ വീഴ്ചകളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണ്, എന്നെങ്കിലും ഒരിക്കൽ പറക്കാൻവേണ്ടി' എന്നാണ് താരം കുറിച്ചത്. സിംബാബ്വേ നിന്ന് ചാടി സാംബിയയിൽ എത്തിയെന്നാണ് താരം പറയുന്നത്.

കൈയിൽ ക്യാമറയുമായിട്ടായിരുന്നു ചാട്ടം. അത്ര ഉയരത്തിൽ നിന്ന് ചാടിയതിന്റെ ആശങ്കകളൊന്നും താരത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. ചിരിയോടെ ബംഗീ ജംപിങ് ആസ്വദിക്കുന്ന ടൊവിനോയെയാണ് വിഡിയോയിൽ കണ്ടത്. എന്തായാലും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ശരിക്ക് മിന്നൽ അടിച്ചോ എന്നായിരുന്നു ചില ആരാധകരുടെ കമന്റ്.