മുംബൈ: കണ്ണീർ പൊഴിച്ചു നടി സൈബറിടത്തിൽ. തനിച്ചായതിനാൽ വാടകവീട് ലഭിക്കുന്നില്ലെന്ന് പരാതിയുമായി സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ഹിന്ദി ടെലിവിഷൻ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുൻ ഭാര്യയുമായ ചാരു അസോപ കണ്ണീർ പൊഴിച്ചത്. ആൺതുണയില്ലാതെ പെണ്ണിനു ജീവിക്കാൻ കഴിയാത്ത രീതിയിലേക്കു രാജ്യം മാറിയോ എന്നാണ് കരഞ്ഞുകൊണ്ട് താരം സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

''നമ്മുടെ സമൂഹത്തിൽ, ഒരു സ്ത്രീ എന്ത് ചെയ്താലും, എത്ര ചെയ്താലും അവളെക്കുറിച്ചുള്ള ചിന്താഗതി മാറുന്നില്ല. ഇന്നും ഒരു സ്ത്രീക്ക് വീട് കൊടുക്കുന്നതിന് മുമ്പ് ഏതെങ്കിലും പുരുഷന്റെ പേര് അവളുമായി ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കും, ഇല്ലെങ്കിൽ അവൾക്ക് വീട് പോലും നൽകുന്നില്ല. ഇന്നും ഒരു പെണ്ണിന്റെ പേരിനോട് ആണിന്റെ പേരു ചേർന്നിട്ടില്ലെങ്കിൽ അവൾക്കു വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ഈ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു.

വീടു നൽകാൻ വിസമ്മതിക്കുന്ന ഇവർ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ വലിയ പ്രസംഗങ്ങൾ നടത്തുന്നു. എന്തൊക്കെ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാകില്ല. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇന്ന് വീണ്ടും എനിക്ക് ഒരു സൊസൈറ്റിയിൽ വീട് നൽകാൻ പലരും വിസമ്മതിച്ചു, കാരണം ഞാൻ ഒരു അമ്മയാണ്.

ഞാൻ ഭർത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാൽ, സിംഗിൾ മദർ ആയതിനാൽ വീണ്ടും ഇന്ന് എനിക്ക് വീട് നിഷേധിക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കേണ്ട കാര്യം, സ്ത്രീകളെ ആരാധിക്കുന്ന നാട്ടിലെ സ്ത്രീകളുടെ അവസ്ഥയാണിത്...'' ചാരു പറയുന്നു.

 
 
 
View this post on Instagram

A post shared by Charu Asopa (@asopacharu)