ചെന്നൈ: പാക്കിസ്ഥാനി ഖവാലി ഗായകൻ റാഹത് ഫത്തേ അലി ഖാൻ ചെരിപ്പുകൊണ്ട് ശിക്ഷ്യനെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്നു വിളിക്കുന്നവർ തുറന്നുകാട്ടപ്പെടുമായിരുന്നു എന്നാണ് ഗായിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇവരിൽ ചിലർ പൊതുസ്ഥലത്ത് വളരെ സൗമ്യരും മൃദുവായി സംസാരിക്കുന്ന ആത്മാക്കളെപ്പോലെയുമാണ് പെരുമാറുന്നത്. അവർ ഒരിക്കലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് പ്രാപ്തരാണെന്ന് ആരും കരുതില്ല. നേരത്തെ ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്ന് വിളിക്കപ്പെടുന്നവരിൽ കൂടുതൽ പേരും തുറന്നുകാട്ടപ്പെടുമായിരുന്നു- ചിന്മയി എക്സിൽ കുറിച്ചു.

യുവാവിനെ ചെരിപ്പിന് മർദിക്കുന്ന റാഹത് ഫത്തേ അലി ഖാന്റെ വിഡിയോ ആണ് പുറത്തുവന്നത്. കുപ്പിയുമായി ബന്ധപ്പെട്ടായിരുന്നു മർദനം. യുവാവിനെ ചെരുപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ശേഷം പിടിച്ചുവലിച്ച് താഴെയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി രഹത്ത് രംഗത്തുവന്നു. ഒരു ഉസ്താദും വിദ്യാർത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണെന്നും വിദ്യാർത്ഥികൾ തെറ്റ് ചെയ്താൽ അദ്ധ്യാപകർ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താൽ അവരെ സ്‌നേഹം കൊണ്ടും പ്രശംസ കൊണ്ടും വീർപ്പുമുട്ടിക്കുമെന്നും രഹത്ത് വിശദീകരണത്തിൽ പറയുന്നു.

ഇതിനെതിരെയും ചിന്മയി രംഗത്തെത്തി. ഗുരുക്കന്മാർക്ക് ദൈവത്വം കൽപ്പിച്ച് നൽകി സംരക്ഷിക്കുകയാണെന്നും അവർ ചെയ്യുന്ന അക്രമങ്ങളും ലൈംഗിക ദുരുപയോഗങ്ങളുമെല്ലാം അവരുടെ പ്രതിഭയുടേയും കലാവൈഭവത്തിന്റേയും പേരിൽ ക്ഷമിക്കപ്പെടുകയാണ് എന്നാണ് കുറിച്ചത്. ഇത് അവസാനിപ്പിക്കണമെന്നും ഗായിക കൂട്ടിച്ചേർത്തു.