- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു'; അർബുദ ബാധിതനെന്ന റിപ്പോർട്ട് തള്ളി ചിരഞ്ജീവി; മാധ്യമങ്ങൾക്ക് വിമർശനം; നിരവധി പേർ ആരോഗ്യ വിവരം ചോദിച്ച് സന്ദേശങ്ങൾ അയച്ചെന്നും സൂപ്പർതാരം
ഹൈദരാബാദ്: അർബുദ ബാധിതനാണെന്ന് വാർത്തകൾ തള്ളി തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവി. ആന്ധ്രയിലെ ഒരു കാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഒരിക്കൽ നടത്തിയ പരിശോധനയിൽ തന്റെ ശരീരത്തിൽ നോൺ കാൻസെറസ് പോളിപ്‌സുകൾ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തു എന്ന് പറഞ്ഞതാണ് പിന്നീട് വാർത്തകളിൽ ഇടംപിടിച്ചത്. കാൻസർ എന്ന വിധത്തിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്തു.
അതേസയമം താൻ പറഞ്ഞത് മനസിലാക്കാതെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് ചിരഞ്ജീവി ഇതേക്കുറിച്ച് വിമർശിച്ചത്. കോളനോസ്‌കോപി പരിശോധന നടത്തിയപ്പോൾ മുമ്പോട്ടു തള്ളിനിൽക്കുന്ന ഒരുതരം നേർത്ത ശ്ലേഷ്മപടലം കണ്ടെത്തി. തുടർന്ന് അത് നീക്കം ചെയ്തു. അല്ലെങ്കിൽ അത് അർബുദത്തിലേക്ക് നയിക്കുമായിരുന്നു എന്നാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരു പ്രതികരണം.
'ഒരു കാൻസർ സെന്റർ ഉദ്ഘാടനത്തിനിടെ അർബുദ രോഗത്തിൽ ബോധവത്ക്കരണം നടത്തേണ്ടതിനെ കുറിച്ച് സംസാരിച്ചിരുന്നു. കൃത്യമായ വൈദ്യപരിശോധനകൾ നടത്തിയാൽ ഈ രോഗത്തെ പ്രതിരോധിക്കാനാവും. ഞാൻ കരുതലോടെയിരിക്കുകയും കോളനോസ്‌കോപി ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഇതിൽ മുമ്പോട്ടു തള്ളിനിൽക്കുന്ന ഒരുതരം നേർത്ത ശ്ലേഷ്മപടലം കണ്ടെത്തി. തുടർന്ന് അത് നീക്കം ചെയ്യുകയും ചെയ്തു. അല്ലെങ്കിൽ അത് അർബുദത്തിലേക്ക് നയിക്കുമായിരുന്നു. അതുകൊണ്ടാണ് വൈദ്യപരിശോധന കൃത്യമായി നടത്തേണ്ടതിനേക്കുറിച്ച് ഞാൻ പറഞ്ഞത്.' ചിരഞ്ജീവി വ്യക്തമാക്കി.
എന്നാൽ ചില മാധ്യമങ്ങൾ തനിക്ക് കാൻസറാണെന്ന തരത്തിൽ വാർത്ത കൊടുത്തുവെന്ന് അദ്ദേഹം വിമർശിച്ചു. ഇത് അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കി. നിരവധി പേർ തന്റെ ആരോഗ്യ വിവരം ചോദിച്ച് സന്ദേശങ്ങൾ അയച്ചു. അവർക്കെല്ലാം വേണ്ടിയാണ് ഈ വ്യക്തത വരുത്തൽ. തെറ്റായ പ്രചാരണങ്ങൾ കാരണം പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്യുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.




