കൊച്ചി: അകാലത്തിൽ വിട്ടുപിരിഞ്ഞ മകൾക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി ഗായിക കെ.എസ് ചിത്ര. മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നന്ദനക്ക് ആശംസനേർന്നത്. ഓരേ ദിവസം കഴിയുന്തോറും കൂടുതൽ മിസ് ചെയ്യുന്നുവെന്നും ആ വിടവ് നികത്താൻ തനിക്ക് കഴിയില്ലെന്നും ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു

'എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. അത് ഒരിക്കലും നികത്താൻ എനിക്കു കഴിയില്ല. ദിവസങ്ങൾ കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. പിറന്നാൾ ആശംസകൾ നന്ദനാ'- ചിത്ര കുറിച്ചു. പ്രിയഗായികയുടെ വാക്കുകൾ ആരാധകരുടെ മനസിൽ നൊമ്പരമാകുകയാണ്.

നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, 2002ലാണ് കെ.എസ്.ചിത്രയുടേയും ഭർത്താവ് വിജയശങ്കറിന്റേയും ജീവിതത്തിലേക്ക് നന്ദന എത്തുന്നത്. എന്നാൽ ഇരുവരുടെ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. 2011ൽ ദുബൈയിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണുണ്ടായ അപകടത്തിൽ നന്ദന ലോകത്തോട് വിടപറഞ്ഞു. മകളുടെ വേർപാട് ചിത്രയെ ഏറെ തളർത്തിയിരുന്നു. സംഗീത ജീവിതം വിട്ട് വീട്ടിൽ ഒതുങ്ങിയ ഗായികയെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് തിരികെ കൊണ്ടുവന്നത്.