- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്യാനും ബലാത്സംഗം ചെയ്യാനും ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന അടുത്ത ആയുധമായിരിക്കും ഡീപ് ഫേക്ക്; ജാഗ്രത വേണമെന്ന് ചിന്മയി
ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ പേരിൽ ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടസാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്. ബോളിവുഡ് താരങ്ങൾ അടക്കം ദുരുപയോഗ സാധ്യതകളെ തടയണമെന്ന ആവശ്യം ഉയർത്തി രംഗത്തു വന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.
ഇത്തരത്തിലുള്ള വീഡിയോകൾ പ്രമുഖരെ ഉപദ്രവിക്കാൻ മാത്രമല്ല, സാധാരണക്കാരെ ശല്യപ്പെടുത്താനും ഉപയോഗിക്കുന്നതായാണ് ചിന്മയിയുടെ പ്രതികരണം. ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിൽ നടി രശ്മിക മന്ദാനയെ പിന്തുണച്ച് പങ്കുവെച്ച കുറിപ്പിലാണ് ഇതിനെ ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകത ഗായിക ചൂണ്ടിക്കാണിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും പണം തട്ടാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട് ജാഗ്രത പുലർത്തണമെന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
'പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും ബ്ലാക്ക്മെയിൽ ചെയ്യാനും ബലാത്സംഗം ചെയ്യാനും ലക്ഷ്യമിട്ട് ഉപദ്രവിക്കാൻ അവർ ഉപയോഗിക്കുന്ന അടുത്ത ആയുധമായിരിക്കും ഡീപ് ഫേക്ക്. ഒരു ചെറിയ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള കുടുംബങ്ങൾക്ക് അഭിമാനത്തിന് എപ്പോഴാണ് കളങ്കം സംഭവിക്കാൻ പോകുന്നത് എന്ന കാര്യം മനസിലാവണമെന്നില്ല ''-ചിന്മയി എക്സിൽ കുറിച്ചു. ലോൺ ആപ്പുകളിൽ നിന്ന് കടം വാങ്ങിയ സ്ത്രീകളെ പണം തട്ടുന്നതിനായി ഏജന്റുമാർ അവരുടെ ചിത്രങ്ങൾ അശ്ലീല ഫോട്ടോകളുമായി ചേർത്ത് മോർഫ് ചെയ്ത് പീഡിപ്പിക്കുകയാണെന്നും ചിന്മയി ആരോപിച്ചു
ഡീപ് ഫേക്ക് വീഡിയോ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഡീപ്ഫേക്കുകളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ രാജ്യവ്യാപകമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഇത്തരക്കാരുടെ കെണിയിൽ വീഴുന്നതിന് പകരം ഉടൻ തന്നെ സംഭവങ്ങൾ അധികൃതരെ അറിയിക്കുന്നതിന് ജനങ്ങളെ ശക്തരാക്കേണ്ടതുണ്ടെന്നും ചിന്മയി പറഞ്ഞു.
മറുനാടന് ഡെസ്ക്