കൊച്ചി: വൻ വിജയമായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയിലാണ് ഈ സിനിമയുടെ കാര്യത്തിൽ.

ഇപ്പോൾ പ്രണവുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടുവന്നിരുത്തിയതുപോലെയാണ് എന്നാണ് ധ്യാൻ പറഞ്ഞത്. എനിക്ക് അഭിനയത്തോട് വലിയ പാഷൻ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങൾ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങൾ രണ്ടുപേരും.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ വിനീത് ശ്രീനിവാസൻ വളരെ ഇമോഷണലിയാണ് സിനിമയെ സമീപിക്കുന്നത് എന്നാണ് ധ്യാൻ പറയുന്നത്. ഏട്ടൻ ഭയങ്കര ഇമോഷനൽ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോൾ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാൽ ഞങ്ങൾ അതുകൊണ്ടുനടക്കുന്നൊന്നുമില്ല.

ചിലർക്ക് അത് ഭയങ്കര പേഴ്‌സനൽ ആണ്. ഏട്ടൻ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോൾ മ്യൂസിക് ഒക്കെ വച്ചാണ് ചില രംഗങ്ങൾ ഷൂട്ട് ചെയ്യുക. ചില സംഭവങ്ങൾ വർക്ക് ഔട്ട് ആകുമ്പോൾ പുള്ളിയുടെ കണ്ണുനിറയും. - താരം കൂട്ടിച്ചേർത്തു.