രുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന 'ബാന്ദ്ര' ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ബാന്ദ്രയുടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് അപ്ഡേറ്റിനൊപ്പം പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

'രാമലീല' എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. തമന്നയാണ് ചിത്രത്തിൽ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആലൻ അലക്സാണ്ടർ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്.

ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിങ്, ധാരാ സിങ് ഖുറാന, അമിത് തിവാരി എന്നിവരും ബാന്ദ്രയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. വിനായക അജിത്ത് ആണ് നിർമ്മാണം.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം. വിവേക് ഹർഷൻ ആണ് എഡിറ്റിങ്. പ്രൊഡക്ഷൻ ഡിസൈനർ ദീപക് പരമേശ്വരൻ, കലാസംവിധാനം സുബാഷ് കരുൺ.