ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയൻ. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം, പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിലെത്തും. വിക്രത്തിൽ ഉലകനായകൻ കമൽഹാസനൊപ്പം വിളിയാടിയ ഫഹദ് രജനി ചിത്രത്തിലൂടെ വീണ്ടും അമ്പരപ്പിക്കുമോ എന്നാണ് അറിയേണ്ടത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു ലൊക്കേഷൻ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. രജനികാന്തും ഫഹദ് ഫാസിലുമാണ് വിഡിയോയിലുള്ളത്.

ഫഹദ് ഫാസിലും രജനികാന്തും ഇതാദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർ, റാണ, ദുഷാരാ വിജയൻ, റിതിക സിങ്, അമിതാഭ് ബച്ചൻ എന്നിവരാണ് മറ്റുതാരങ്ങൾ. 32 വർഷങ്ങൾക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

അനിരുദ്ധ് ആണ് തലൈവർ ചിത്രത്തിന്റെ സംഗീതസംവിധാനം. എസ്.ആർ. കതിരാണ് ഛായാഗ്രഹണം. അൻബറിവ് സംഘട്ടനസംവിധാനവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടാഴ്ചമുമ്പാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.