മുംബൈ: ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ജനുവരി 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ഫൈറ്ററിന് ലഭിക്കുന്നത്.

ഫൈറ്റർ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന് നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ഫൈറ്റർ വലിയൊരു കുതിപ്പാണ് നടത്തിയിരിക്കുന്നതെന്നും ഇതൊരു പരീക്ഷണ ചിത്രമായിരുന്നെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലാത്തവരാണ് അതിനാൽ തന്നെ ആകാശത്ത് എന്താണ് നടക്കുന്നതെന്ന് അവർക്ക് കൃത്യമായി അറിയില്ലെന്നും കൂട്ടിച്ചേർത്തു.

'നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകൾ, ഏകദേശം 90 ശതമാനം പേരും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല. പലരും വിമാനത്താവളത്തിൽ പോലും പോയിട്ടില്ല. അങ്ങനെയുള്ളവർ ആകാശത്ത് നടക്കുന്നത് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ?ഇത്തരം കഥകളെ പ്രേക്ഷകർ അന്യഗ്രഹജീവിയെപ്പോലെയാണ് സമീപിക്കുന്നത്. രാജ്യത്ത് പാസ്‌പോർട്ട് ഉള്ള എത്രപേർ വിമാനത്തിൽ കയറിയിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് ഫ്‌ളൈറ്റുകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ ഒന്നും മനസ്സിലാകില്ല'- ഗലാറ്റ പ്ലസിന് നൽകിയ സംവിധായകൻ പറഞ്ഞു.

സംവിധായകന്റെ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചിത്രത്തിന്റെ ഒപ്പണിങ് കളക്ഷൻ കുറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നേരിട്ട വെല്ലുവിളിയെക്കുറിച്ച് പറഞ്ഞത്.