ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. ലോകേഷിന്റെ 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇതോടെ തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് - ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ.

''എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ സിനിമകൾ യാഥാർത്ഥ്യമാക്കാനുമുള്ള ആത്മാർത്ഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്‌ക്വാഡിനൊപ്പം ഒരു നിർമ്മാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാ പ്രേമികളുടെ,എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു''... 'ജി സ്‌ക്വാഡ്' എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ച് ലോകേഷ് കനകരാജ് പറഞ്ഞു.

ജി സ്‌ക്വാഡ് ബാനറിന് കീഴിലുള്ള ആദ്യത്തെ കുറച്ച് പ്രോജക്റ്റുകൾ അടുത്ത സുഹൃത്തുക്കളുടെയും അസിസ്റ്റന്റ്സിന്റെയും സിനിമകൾ ആയിരിക്കുമെന്ന് ലോകേഷ് അറിയിച്ചു.ലോകേഷിന്റെ സമീപകാല ബ്ലോക്ക്‌ബസ്റ്ററുകളിൽ ഒന്നായ ദളപതി വിജയ് നായകനായ 'ലിയോ' കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു.