കൊച്ചി: മിഥുൻ മാനുവൽ തോമസ് തിരക്കഥയിൽ പുറത്തുവന്ന സിനിമയായ 'ഗരുഡൻ' ഒ.ടി.ടിയിൽ. സുരേഷ് ഗോപിയും ബിജു മേനോനും ആണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. നവംബർ 3ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്.

പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിയറ്റർ റിലീസിന്റെ 29-ാം ദിവസമാണ് ഈ വിജയചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്.

യു/ എ സർട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ദൈർഘ്യം 138 മിനിറ്റ് ആണ്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഗരുഡന് പ്രീ റിലീസ് ശ്രദ്ധ ലഭിച്ചിരുന്നു. തിയറ്ററുകളിൽ വലിയ വിജയം നേടിയ അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ ഒരുക്കിയ തിരക്കഥയുമായിരുന്നു ഇത്.

പൊലീസ് ഓഫിസർ ഹരീഷ് മാധവനായി സുരേഷ് ഗോപി എത്തിയപ്പോൾ ചിത്രത്തിൽ നിഷാന്ത് എന്ന കോളജ് പ്രൊഫസറെ ആണ് ബിജു മേനോൻ അവതരിപ്പിച്ചത്. അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധായകൻ. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യപിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.