- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാവർക്കും ചിരിയാണ്, പക്ഷെ എനിക്ക് ജഗതിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോൾ ആത്യന്തികമായി ഉള്ളത് ഭയങ്കരമായ ഭയമാണ്; ഹെഡ്മാസ്റ്ററിന്റെ മുമ്പിൽ ഒരു കുട്ടി നിൽക്കുന്ന ഭയത്തോടെയായിരിക്കും നിൽക്കുക: ഗായത്രി വർഷ പറയുന്നു
കൊച്ചി: ഇടതുപക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചു ട്രോളുകൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി വർഷ. മീശമാധവനിലെ സരസു എന്ന കഥാപാത്രത്തെ കുറിച്ച് അവർ പറഞ്ഞ വാക്കുകളാണ് ട്രോളിന് ഇടയാക്കിയത്. ഇപ്പോഴിതാ ജഗതിയെക്കുറിച്ചുള്ള നടി ഗായത്രി വർഷയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മീശമാധവനിൽ ജഗതിയോടൊപ്പമുള്ള ഗായത്രിയുടെ രംഗങ്ങൾ വലിയ ഹിറ്റായി മാറിയവായിരുന്നു. ഇന്നും ആരാധകർ ഓർത്തിരിക്കുന്ന കോമ്പോയാണ് പിള്ളേച്ചനും സരസുവും. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ജഗതിയെക്കുറിച്ച് മനസ് തുറന്നത്.
''ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ എല്ലാവർക്കുമുള്ള പ്രശ്നമാണ് ചിരിക്കും എന്നത്. പക്ഷെ എനിക്കൊന്നും ചിരിക്കാനേ ഒരിക്കലും പറ്റാറില്ല. ജഗതിച്ചേട്ടന്റെ കൂടെ നിന്ന് അഭിനയിക്കുമ്പോൾ എനിക്ക് ആത്യന്തികമായി ഉള്ളത് ഭയങ്കരമായ ഭയമാണ്. ഹെഡ്മാസ്റ്ററിന്റെ മുമ്പിൽ ഒരു കുട്ടി നിൽക്കുന്ന ഭയത്തോടെയായിരിക്കും നിൽക്കുക'' ഗായത്രി പറയുന്നു.
''എട്ട് തവണ റിഹേഴ്സ് ചെയ്താൽ എട്ട് തവണയും എട്ട് സാധനങ്ങളായിരിക്കും. അഭിനയത്തിന്റെ എട്ട് തലങ്ങളായിരിക്കും അത്. എവിടെ നിന്നു കൊണ്ടും സെയ്മിം സ്കെയിലിൽ, സെയിം ടൈമിംഗിൽ, സെയിം മെഷർമെന്റിൽ. പക്ഷെ മറ്റാരേയും ബുദ്ധിമുട്ടിക്കാതെ ഒരു കാൻവാസിന് അകത്തു നിന്നാണ് എട്ട് ഭാവങ്ങളും തരിക. നമ്മളിങ്ങനെ നിന്നു പോകും. നമ്മളുടെ റിയാക്ഷൻ പോലും മറന്നു ഹോ ഇതെന്താണ് കാണിക്കുന്നത് എന്നോർത്ത് നിന്നു പോകും'' എന്നും ഗായത്രി പറയുന്നു.
നേരത്തെ തനിക്കൊരു മുതിർന്ന നടനിൽ നിന്നുമുണ്ടായ മോശം അനുഭവം ഗായത്രി പങ്കുവച്ചിരുന്നു. മറ്റൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചിൽ.
''ക്യാരക്ടർ റോളുകൾ ചെയ്യുന്ന, കോമഡി ചെയ്യുന്ന ഒരു നടൻ എന്റെ ഏതോ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗം കണ്ട് വേഗം എന്നെ വിളിച്ചു. ഓ താൻ ഇത്രയൊക്കെ സംസാരിക്കുമോ? താൻ പുസ്തകമൊക്കെ വായിക്കുമോ? താൻ ഭയങ്കര മിടുക്കിയാണല്ലോ എന്ന് പറഞ്ഞു. താൻ ഇവിടെ നിന്നാൽ പോരെ, നല്ല നല്ല വേഷങ്ങൾ ചെയ്ത് തെളിഞ്ഞ് വരണം എന്നും പറഞ്ഞു. അടുത്ത സിനിമയിൽ സംവിധായകനോട് ഞാൻ പറയാമെന്നും പറഞ്ഞു'' ഗായത്രി പറയുന്നു. .
സന്തോഷം ചേട്ടാ എന്ന് ഞാൻ പറഞ്ഞു. വിളിച്ചതിൽ സന്തോഷമെന്നും പറഞ്ഞു. പക്ഷെ കാണേണ്ടത് പോലെ കാണണം എന്നായിരുന്നു മറുപടി. ചേട്ടാ നിങ്ങൾ ക്യാമറ കാണുന്നതിന് മുമ്പേ ക്യാമറ കണ്ടതാണ് ഞാൻ. ഇതിലും വലിയ സൂപ്പർ താരങ്ങളുടേയും സംവിധായകരുടേയും കൂടെ അഭിനയിച്ചതാണ്. അവരെയാരേയും വേണ്ടത് പോലെ കാണേണ്ടാത്തതു കൊണ്ട് ഇപ്പോഴും ഇവിടെ നിൽക്കുന്നൊരു ഗായത്രിയുണ്ട്. വെച്ചിട്ട് പോടാ എന്ന് പറഞ്ഞ് നിർത്തിയ ആളാണ് ഞാനെന്നാണ് ഗായത്രി പറയുന്നത്.
മറുനാടന് ഡെസ്ക്