കൊച്ചി: മിനിസ്‌ക്രീനിൽ അവതാരകനായി തുടങ്ങി സിനിമയിൽ സജീവമായി നിൽക്കുന്ന നടൻ ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപിക അനിലും വിവാഹിതരാവുന്നു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സന്തോഷവാർത്ത ഇരുവരും പങ്കുവച്ചത്.

ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്.

നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ.- എന്ന കുറിപ്പിലാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

 
 
 
View this post on Instagram

A post shared by Govind Padmasoorya (GP) (@padmasoorya)

ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തി. ഷഫ്‌ന നസാം, മിയ, ജ്യോതി കൃഷ്ണ, റബേക്കാ സന്തോഷ് തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചത്. അപ്രതീക്ഷിതമായ കൂടിച്ചേരലാണ് ഇത് എന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ കമന്റ്. മികച്ച ജോഡികളാണെന്നും കമന്റുകളുണ്ട്.

ബാലതാരമായി അഭിനയ രംഗത്തിലേക്ക് എത്തിയ താരമാണ് ഗോപിക. സാന്ത്വനം എന്ന സീരിയലിൽ നായികയായി എത്തിയതോടെയാണ് താരം ശ്രദ്ധേയയാവുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയനാണ് ഗോവിന്ദ് പത്മസൂര്യ.