കൊച്ചി: ബോക്‌സോഫീസിൽ തരംഗം തീർത്ത പൃഥ്വിരാജ്, ബേസിൽ സിനിമ ഇനി ഒടിടിയിൽ. ആഗോളതലത്തിൽ 90 കോടിയിലധികം രൂപ നേടിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 27 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക.

'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോമഡി എന്റർടെയ്‌നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.

'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച സിനിമയിൽ നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിച്ചു. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, മേക്കപ്പ് സുധി സുരേന്ദ്രൻ, ആർട്ട് ഡയറക്ടർ സുനിൽ കുമാർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുൺ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ.