മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്തു. സമൂഹമാധ്യമങ്ങളിൽ നദിയ പങ്കുവച്ച ഹോളി ആഘോഷവീഡിയോയിൽ രൺബീർ കപൂറിനെയും ആലിയയേയും മകൾ റാഹയേയും കാണാം.

രൺബീറിന്റെയും ആലിയയുടെയും കവിളിൽ വർണ്ണപ്പൊടികൾ തേയ്ക്കുന്ന നദിയയെ ആണ് വീഡിയോയിൽ കാണാനാവുക. നാനിക്ക് ഒപ്പം നിൽക്കുന്ന കുഞ്ഞു റാഹയേയും വീഡിയോയിൽ കാണാം. മുംബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് നദിയ.

1988 ൽ ഷിരിഷ് ഗോദ്‌ബോലെയുമായി വിവാഹിതയായ നദിയ 2007 കാലഘട്ടം വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008 ലാണ് മുംബൈയിൽ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'നോക്കത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാലോകത്തെത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അറുപത്തോളം സിനിമകളിൽ നദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നദിയ പിന്നീട് 2004 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി' യിലൂടെയാണ് തിരിച്ചുവരുന്നത്.'വണ്ടർ വുമൺ' ആണ് അവസാനമായി പുറത്തിറങ്ങിയ നദിയയുടെ മലയാള ചിത്രം.