മുംബൈ: ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി മുംബൈ മെട്രോയിൽ യാത്ര ചെയ്ത് ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ. പുതിയ ചിത്രം ഫൈറ്ററിന്റെ ലൊക്കേഷനിലേക്കാണ് താരം മെട്രോയിൽ എത്തിയത്. മെട്രോ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്.

ജോലിക്കു പോകാനായി മെട്രോ പിടിച്ചു. സ്നേഹമുള്ള കുറച്ചുപേരെ കാണാൻ സാധിച്ചു. അവർ എനിക്ക് നൽകിയ സ്നേഹം നിങ്ങളുമായി പങ്കുവെക്കുന്നു. ഈ അനുഭവം ഗംഭീരമായിരുന്നു. ചൂടിനേയും ട്രാഫിക്കിനേയും തോൽപ്പിച്ചു. കൂടാതെ ആക്ഷൻ രംഗം ഷൂട്ട് ചെയ്യാനുള്ള എന്റെ നടുവും രക്ഷപ്പെട്ടു.- ഹൃത്വിക് റോഷൻ കുറിച്ചു.

സഹയാത്രികർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഹൃത്വിക്കിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. കറുത്ത ടി ഷർട്ടും തൊപ്പിയും ധരിച്ച് കാഷ്യൽ ലുക്കിലാണ് താരം എത്തിയത്. എന്തായാലും ഹൃത്വിക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

സ്നേഹം എന്നാണ് താരത്തിന്റെ കാമുകിയും നടിയുമായ സബ ആസാദ് കുറിച്ചത്. വിനയും കരുണയുമുള്ള ഫൈറ്റർ എന്നായിരുന്നു അനിൽ കപൂറിന്റെ കമന്റ്. നിരവധി ആരാധകരും താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.