മുംബൈ: ലോകത്തെ സുന്ദര പുരുഷന്മാരിൽ അതിസുന്ദരനാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഇന്ന് 50ാം പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം. കഹോനാ പ്യാർ ഹെ എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച വെള്ളാരംകണ്ണുള്ള യുവാവ് മനോഹരമായ പുഞ്ചിരി കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ വളരെപ്പെട്ടന്ന് ചേക്കേറി. കോയി മിൽ ഗയ , ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാക്കുകയും ചെയ്തു.

വേൾഡ്‌സ് ടോപ്പ് മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ ലോക സുന്ദരന്മാരുടെ പട്ടികയിൽ മൂന്നാമതായി ഹൃത്വിക്കും ഇടം പിടിച്ചിരുന്നു. ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പ്, ബ്രാഡ് പിറ്റ് എന്നിവരെ പിന്തള്ളിയാണ് ഹൃത്വിക് മുൻനിരയിലെത്തിയത്.

1974 ജനുവരി 10 നാണ് ഹൃത്വികിന്റെ ജനനം. ആറു വയസ്സുള്ളപ്പോഴാണ് ഹൃത്വിക് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. അമ്മയുടെ പിതാവായിരുന്ന ജെ ഓം പ്രകാശിന്റെ ആഷാ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ജിതേന്ദ്രയായിരുന്നു നായകൻ. ചിത്രത്തിൽ അഭിനയിച്ചതിന് മുത്തശ്ശൻ 100 രൂപ പ്രതിഫലം നൽകുകയും ചെയ്തു.

അന്തർമുഖനായിരുന്ന ഹൃത്വിക് സ്‌കൂളിൽ പോകാൻ താൽപര്യം കാണിച്ചിരുന്നില്ല. വിക്കുണ്ടായിരുന്ന ഹൃത്വികിനെ സഹപാഠികൾ കളിയാക്കിയതായിരുന്നു കാരണം. മാത്രമല്ല കൈവിരലുകളുടെ എണ്ണക്കൂടുതലും അദ്ദേഹത്തെ മറ്റുള്ളവർക്കു മുൻപിൽ പരിഹാസ്യനാക്കി. സംസാരവൈകല്യം മാറ്റാൻ ബാല്യകാലത്ത് തുടർച്ചയായി സ്പീച്ച്തെറാപ്പിക്ക് വിധേയനാകുകയും ചെയ്തു. സ്‌കൂൾ കാലഘട്ടത്തിൽ നടൻ ഉദയ് ചോപ്രയായിരുന്നു ഹൃത്വിക്കിന്റെ ആത്മാർഥ സുഹൃത്ത്. കുട്ടിക്കാലത്തും കൗമാരകാലത്തും ഹൃത്വിക് നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നു. നട്ടെല്ലിനെ ബാധിക്കുന്ന രോഗത്തെ തുടർന്ന് കടുത്ത വേദന അനുഭവിച്ചിരുന്നു. ഈ വേദന സഹിച്ചാണ് നൃത്തം പഠിച്ചത്.

പിതാവ് രാകേഷ് റോഷന്റെ സഹായിയായി സിനിമയിൽ എത്തിയ ഹൃത്വിക് ചെയ്യാത്ത ജോലികളില്ല. അച്ഛന്റെ പേര് തന്റെ ഉയർച്ചയ്ക്ക് ഉപയോഗിക്കാൻ ഹൃത്വിക് ആഗ്രഹിച്ചില്ല. അതുകൊണ്ടു തന്നെ ഏതു ജോലിയും ഏറ്റെടുക്കാനുള്ള സന്നദ്ധത കാണിച്ചിരുന്നു. സംവിധാന സഹായിയാകും മുൻപ് സിനിമാ സെറ്റുകളിൽ ചായ വിതരണം ചെയ്യുകയും നിലം തുടയ്ക്കുകയും ചെയ്തിട്ടുണ്ട്.

സിനിമാഭിനയത്തിന് വേണ്ട ചില അടിസ്ഥാനകാര്യങ്ങൾ ഹൃത്വിക്കിനെ പഠിപ്പിച്ചത് സൽമാൻ ഖാൻ ആയിരുന്നു. മൈക്കിൾ ജാക്‌സനും ഷമ്മി കപൂറുമായിരുന്നു നൃത്തത്തിൽ ഹൃതികിന്റെ ആരാധനാ പുരുഷന്മാർ. താൻ ഒരു കാലത്ത് സിഗരറ്റിന് അടിമയായിരുന്നുവെന്ന് ഹൃത്വിക് തുറന്നു പറഞ്ഞിട്ടുണ്ട്. പുകവലിയുടെ ദൂഷ്യഫലങ്ങൾ യുവാക്കളിലേക്കെത്തിക്കാനുള്ള പരിപാടികളിൽ ഹൃത്വിക് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു.
ഒരുകാലത്ത് ഹൃത്വിക് സിനിമയോട് വിടപറയാൻ തുനിഞ്ഞു. പിതാവ് രാകേഷ് റോഷനെതിരെയുള്ള വധശ്രമമായിരുന്ന കാരണം. പുണെ തിലക് റോഡിന് സമീപം ഗുണ്ടാസംഘത്തിൽപ്പെട്ടവർ രാകേഷിനുനേരെ വെടിയുർത്തു. ദീർഘനാളത്തെ ചികിത്സകൾക്കുശേഷമാണ് രാകേഷ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.