മുംബൈ: ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന് കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കമൽ ഹാസൻ സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി പുറത്തുവിട്ടത്. 2024 ജൂലൈ 12 ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

സംവിധായകൻ ഷങ്കറും ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ 2 ലെ ആദ്യഗാനം മെയ്‌ 22 ന് പുറത്തെത്തും. അനീതിക്കെതിരെ പോരാടുന്ന സേനാപതിയുടെ വേഷം കമലിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന കഥാപാത്രമാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമൽ ഹാസൻ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തും.

1996-ലെ ബോക്സ് ഓഫീസ് ഹിറ്റായ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. കാജൽ അഗർവാൾ, സിദ്ധാർഥ്, ബോബി സിംഹ, രാകുൽ പ്രീത് സിങ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ബ്രഹ്മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധായകൻ.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 നിർമ്മിക്കുന്നത് സുഭാസ്‌കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും കമൽ ഹാസന്റെ രാജ്കമൽ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്.