ചെന്നൈ: ജയറാമിന്റെയും പാർവതിയുടെയും പ്രണയ വിവാഹം മലയാളി സിനിമാ ആരാധകർ ഇന്നും ഓർത്തിക്കുന്ന കാര്യമാണ്. അവരുടെ സിനിമയിലെ വളർച്ചക്കൊപ്പമായിരുന്നു പ്രണയവും വിവാഹവുമെല്ലാം. താരദമ്പതിമാരുടെ മകനും നടനുമായ കാളിദാസിന്റെ വിവാഹനിശ്ചയമായിരുന്നു അടുത്തിടെ നടന്നത്. കാമുകി താരിണി കലിംഗരായർ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ചടങ്ങിൽ നിന്നുള്ള വീഡിയോ ആണ്.

ജയറാമിന്റെ സംസാരത്തിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തന്റെ ജീവിതത്തിലെ മനോഹരമായ ഓർമകളാണ് താരം പങ്കുവയ്ക്കുന്നത്. കാളിദാസ് ജനിച്ച ദിവസത്തേക്കുറിച്ച് വളരെ വാത്സല്യത്തോടെയാണ് ജയറാം പറഞ്ഞത്. ഇത് കേട്ടതോടെ കാളിദാസ് കരയുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാൻ ചേർത്തുപിടിച്ചുകൊണ്ട് ജയറാം സ്നേഹ ചുംബനം നൽകി.

കഴിഞ്ഞ 58 വർഷങ്ങൾക്കിടയിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി, സന്തോഷമുള്ള ഓർമകൾ. അതിൽ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓർക്കുന്ന ചിലതുണ്ട്. ചില തിയതികൾ. അതിലൊന്ന് 1988 ഡിസംബർ 23, അന്നാണ് അശ്വതി ആദ്യമായി എന്നോട് ഐ ലവ് യൂ എന്ന്പറഞ്ഞത്. അതിന് ശേഷം 1992 സെപ്റ്റംബർ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്നു. 1993 ഡിസംബർ 16, കൊച്ചിയിലെ ആശുപത്രിയിൽ ഞാൻ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാൻ അശ്വതിയുടെ കൂടെയുണ്ടാകുമെന്ന്. അത് പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അവൾ എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടർ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുൻപേ ഞാനാണ് കൈയിൽ വാങ്ങിയത്. കണ്ണൻ. 29 വർഷങ്ങൾ, ഇന്ന് അവൻ നിൽക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാൽ, ഞാൻ കൂടുതൽ ഇമോഷണലാവും. ഹരിക്കും ആർതിക്കും നന്ദി. ഇന്ന് മുതൽ എനിക്ക് രണ്ട് പെൺമക്കളാണ്.'- ജയറാം പറഞ്ഞു.

ചെന്നൈയിൽ വച്ച് വലിയ താരനിരയിലാണ് വിവാഹനിശ്ചയം നടന്നത്. ധനുഷ്, അപർണ ബാലമുരളി, സത്യരാജ്, വിജയ് യേശുദാസ് തുടങ്ങിയവരേയും വിഡിയോയിൽ കാണാം. പാട്ടും ഡാൻസുമായി വിവാഹനിശ്ചയം വലിയ ആഘോഷമാക്കുകയായിരുന്നു.